യാത്രക്കാരുടെ ശ്രദ്ധക്ക് മറ്റുള്ളവരുടെ വസ്തുക്കൾ ഏറ്റെടുക്കരുത്; സഹായമായി ഏൽപ്പിച്ച ലഹരിവസ്തുക്കളുമായി മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി: യാത്രക്കിടെ മറ്റുള്ളവർ ഏൽപ്പിക്കുന്ന വസ്തുക്കൾ കൊണ്ടുവരുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ അറിയാതെ നിങ്ങളെ ലഹരികടത്തുകാർ ഉപയോഗപ്പെടുത്തും. ലഹരിവസ്തുക്കളുമായി പിടിയിലായാൽ കടുത്ത നിയമനടപടികളും നേരിടേണ്ടിവരും.

വിദേശത്തേക്കും തിരിച്ചുമുള്ള യാത്രയിൽ എയർപോർട്ടിൽ നിന്നോ, യാത്രക്ക് മുമ്പോ മറ്റുള്ളവർ ഏൽപ്പിക്കുന്ന ലഗേജ്, ബാഗുകൾ, പാഴ്സലുകൾ, കണ്ടെയ്നറുകൾ എന്നിവ കൃത്യമായി പരിശോധിക്കാതെയും തുറന്നു നോക്കാതെയും സ്വീകരിക്കരുത്. പ്രവാസികളും പൗരന്മാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉണർത്തി.

മരുന്ന് പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നുകളും സൈകോട്രോപിക് ലഹരിവസ്തുക്കളുമായി കുവൈത്തിൽ കഴിഞ്ഞ ദിവസം വ്യത്യസ്ത കേസുകളിൽ മൂന്നു യാത്രക്കാരാണ് പിടിയിലായത്. പാത്രങ്ങൾക്കുള്ളിൽ മരുന്നുകളാണെന്ന് വിശ്വസിപ്പിച്ചാണ് ഇവ യാത്രക്കാരെ ഏൽപ്പിച്ചിരുന്നത്. കുവൈത്തിലുള്ളവർക്ക് ഇവ കൈമാറാനായിരുന്നു നിർദ്ദേശം. എന്നാൽ, കുവൈത്തിൽ എത്തിയതിനുശേഷമുള്ള പരിശോധനയിൽ പാത്രങ്ങളിൽ ലഹരിമരുന്നുകളും സൈകോട്രോപിക് വസ്തുക്കളുമാണെന്ന് കണ്ടെത്തി. കുവൈത്തിലേക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജ്, ബാഗുകൾ, പാഴ്സലുകൾ, പാത്രങ്ങൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ കൈവശം വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

ലഹരി കടത്തുകാർ യാത്രക്കാരുടെ സന്മനസ്സ് മുതലെടുത്ത് ലഹരിവസ്തുക്കൾ കടത്താൻ സാധ്യതയുണ്ട് എന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. നിരോധിത വസ്തുക്കൾ അതിർകടത്തുന്നതിനായി മയക്കുമരുന്ന് സംഘം വിവിധ രീതികൾ പ്രയോഗിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളിൽ മറ്റുള്ളവർ അറിയാതെ ഉൾപ്പെട്ടേക്കാം, ഇതുവഴി അവരും നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവരുടെ സാധനങ്ങൾ കൊണ്ടുപോകാനും വരാനും തുനിയരുത്. സാധനങ്ങൾ കൈമാറുന്ന വ്യക്തികൾ എത്ര അടുപ്പമുള്ളവരായാലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉണർത്തി.

ലഹരിവസ്തു പുരട്ടിയ 9.6 കിലോ പേപ്പറുകളുമായി യാത്രക്കാരൻ പിടിയിൽ; എ-4 സൈസ് രൂപത്തിലുള്ള 1,197 ഷീറ്റുകളാണ് പിടിച്ചെടുത്തത്

കുവൈത്ത് സിറ്റി: വൻതോതിൽ മയക്കുമരുന്നുമായി യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ. യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രക്കാരനാണ് ടെർമിനൽ 4-ൽ കുവൈത്ത് കസ്റ്റംസ് പിടിയിലായത്. വിശദമായ പരിശോധനയിൽ ഇയാളിൽ നിന്ന് ലഹരിവസ്തു പുരട്ടിയ, ഏകദേശം 9.6 കിലോ പേപ്പറുകൾ പിടികൂടി. എ-4 സൈസ് രൂപത്തിലുള്ള 1,197 ഷീറ്റുകളാണ് പിടിച്ചെടുത്തത്. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും ലഹരി നിയന്ത്രണ വിഭാഗത്തിന് കൈമാറി.

 

Tags:    
News Summary - Kuwait Warns Against Drug Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.