കഴിഞ്ഞ ദിവസം കുവൈത്തിനെതിരെ നടന്ന മത്സരം
കാണാനെത്തിയ ആരാധകർ
മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിലെ നിർണായ മത്സരത്തിൽ കുവൈത്തിനെതിരെ നേടിയ മിന്നും വിജയം ഒമാന്റെ ആത്മവിശ്വാസം വർധിപ്പിക്കും. സ്വന്തം തട്ടകത്തിൽ പുതിയ കോച്ച് ജാബിർ റഷീദിനു കീഴിൽ കളിക്കാനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഒമാൻ ചിന്തിച്ചിരുന്നില്ല.
ഗോൾ വരൾച്ചക്ക് അറുതിവരുത്തി റെഡ്വാരിയേഴ്സ് നാലു തവണയാണ് എതിരാളികളുടെ വലകുലുക്കിയത്. ടീം നടത്തിയ തകർപ്പൻ പ്രകടനത്തിൽ ആരാധകക്കൂട്ടവും സന്തോഷത്തിലാണ്. തീർച്ചയായും ഈ പ്രകടനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തോടെയാണ് ഇന്നലെ ആരാധകർ ഗ്രൗണ്ട് വിട്ടത്. ചുമതലയേറ്റെടുത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ ടീമിന്റെ മനോവീര്യം ഉയർത്തുന്നതിനായിരുന്നു കോച്ച് മുൻഗണന നൽകിയിരുന്നത്. ഇത് വിജയം കണ്ടു എന്നാണ് ഇന്നലത്തെ കളി സാക്ഷ്യപ്പെടുത്തുന്നത്.
തുടക്കം മുതൽ അവസാന നിമിഷം വരെ എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യമായിരുന്നു ടീം പുലർത്തിയിരുന്നത്. ഒപ്പം മുന്നേറ്റ നിരയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ ഒമാന്റെ വിജയ ചരിത്രത്തിൽതന്നെ പുതിയ ഏട് എഴുതിച്ചേർക്കുന്നതായി കുവൈത്തിനെതിരെയുള്ള മത്സരം. അതേസമയം, ഈ മത്സര വിജയത്തിൽ ആലസ്യം കാണിക്കുന്നില്ലെന്നും വലിയ കടമ്പകൾ ഇനിയും നേടാനുണ്ടെന്നാണ് കോച്ച് ജാബിർ റഷീദ് മത്സരം ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി (17,58), മുഹ്സിൻ അൽഹസാനി (30), അബ്ദുല്ല ഫവാസ് (79) എന്നിവരായിരുന്നു സുൽത്താനേറ്റിനുവേണ്ടി വല കുലുക്കിയത്. ആദ്യ മിനിറ്റ് മുതൽ ഇടതുവലതു വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കിയ ഒമാൻ, കുവൈത്ത് പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചിരുന്നെങ്കിലും ഗോൾ മാത്രം നേടാനായില്ല.
ഒടുവിൽ 17ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി കുതിച്ച അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി ഒമാന്‍ ലീഡ് നേടിക്കൊടുത്തു. ഗോൾ നേടിയതോടെ കൂടുതൽ ഉണർന്നു കളിക്കുന്ന ഒമാനെയാണ് പിന്നീട് കണ്ടത്. ഇതോടെയാണ് മറ്റു മൂന്ന് ഗോളുകളും ടീം സ്വന്തമാക്കിയത്. തിളക്കമാർന്ന വിജയവുമായി ഗ്രൂപ് ബിയിൽ ഒമാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒക്ടോബര്‍ 15ന് അമ്മാനില്‍ ജോര്ഡനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് പിന്നീടുള്ള മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.