മസ്കത്ത്: വടക്കൻ ഒമാനിലും മുസന്ദം ഗവർണറേറ്റിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയിൽ വെള്ളക്കെട്ടുയരാമെന്നും ഇത് മുസന്ദം ഗവർണറേറ്റിലെ മിക്കയിടങ്ങളെയും കാര്യമായി ബാധിച്ചേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ ബുധനാഴ്ച പുലർച്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുസന്ദമിൽ 20 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ വിശദമാക്കി. പ്രദേശത്തെ വാദികൾ കവിഞ്ഞൊഴുകുന്നത് വെള്ളപ്പൊക്കത്തിന് കാരണമായേക്കും. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും വാഹനമോടിക്കുന്നവരും കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴക്ക് പുറമേ, 15 മുതൽ 35 നോട്ട് വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസന്ദം, ഒമാൻ കടൽ തീരങ്ങളിൽ 1.5 മുതൽ 2 മീറ്റർ വരെ തിരമാല ഉയരാനും സാധ്യതയുണ്ട്. മഴക്കാലത്ത് ദൃശ്യപരത കുറയുമെന്നും ഇത് റോഡ്, സമുദ്ര സുരക്ഷയെ ബാധിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. അസ്ഥിര കാലാവസ്ഥ ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ഹജർ പർവത നിരകളുടെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കും. സമാനമായ സാഹചര്യമായിരിക്കും ഇവിടെയുണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
ഞായറാഴ്ച മുതൽ മുസന്ദമിലും വടക്കൻ ബാതിനയിലെ ഷിനാസിലും മഴ തുടരുന്നുണ്ട്. ഒമാനിൽ മുസന്ദം ഗവർണറേറ്റിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മലകളിൽനിന്ന് വെള്ളം കുത്തിയൊലിച്ചിറങ്ങി മേഖലയിലെ ചില റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തിരുന്നു. അറേബ്യൻ ഗൾഫിൽ രൂപപ്പെട്ട ന്യൂനമർദമാണ് മേഖലയിലെ തുടർച്ചയായ മഴക്കുകാരണം.ഡിസംബർ 20 വരെ മഴ തുടരുമെന്ന് നേരത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
മസ്കത്ത്: കനത്ത മഴ തുടരുന്ന മുസന്ദം ഗവർണറേറ്റിലെ എല്ലാ സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകളും ചൊവ്വ ഓൺലൈനായാണ് പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവരടക്കം എല്ലാ പൗരന്മാരും വിദ്യാഭ്യാസ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും പുറത്തിറക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവം പിന്തുടരണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
കഴിഞ്ഞദിവസം മുസന്ദം ഖസബിലെ ഖോർ ഖിദ്ദയിൽ മഴവെള്ളം കുത്തിയൊലിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.