മസ്കത്ത്: ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്സ് റൗണ്ടിൽ ഒരു മത്സരംപോലും ജയിക്കാതെ ഒമാൻ മടങ്ങി. സിംബാവ് വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന അവസാന മത്സരത്തില്‍ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റിനാണ് ഒമാനെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണെടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇരുടീമുകളും നേരത്തെതന്നെ ലോകകപ്പ് കാണാതെ പുറത്തായിരുന്നതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പാണ് ഇത്തവണ ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. ടോസ് നേടിയ വെസ്റ്റിൻഡീസ് ഒമാനെ ബാറ്റിങ്ങിനയച്ചു.
സെഞ്ച്വറി നേടിയ ബ്രാണ്ടന്‍ കിങ്, അര്‍ധ സെഞ്ച്വറി നേടിയ (63) ഷായ് ഹോപ്പ് എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന്റെ വിജയം എളുപ്പമാക്കിയത്. സൂരജ് കുമാര്‍ (65), ശുഐബ് ഖാന് (54), കഷ്യപ് പ്രജാപതി (31) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഒമാൻ സ്കോർ 200 കടത്തിയത്. വെസ്റ്റിൻഡീസിനുവേണ്ടി റൊമാരിയോ ഷെഫേര്‍ഡ് മൂന്നും കെയ്ല്‍ മായേഴ്സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സൂപ്പർ സിക്സിലെ ആദ്യ രണ്ട് മത്സരത്തിലും ഒമാൻ തോറ്റിരുന്നു. സിംബാവ് വേയോട് 14 റൺസിനും നെതർലൻഡ്സിനോട് 74 റൺസിനുമാണ് അടിയറവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.