മസ്കത്ത: ചുട്ടുപ്പൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ച വിശ്രമ നിയമം രാജ്യത്ത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്ത് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കനത്ത ചൂടാണ് രാജ്യത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ ആദ്യവാരത്തിൽതന്നെ ചുട്ടുപൊള്ളുന്ന ചൂടായിരുന്നു. വളരെ പ്രയാസപ്പെട്ടായിരുന്നു തൊഴിലാളികൾ പുറത്ത് ജോലിയെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഉച്ച വിശ്രമനിയമം നേരത്തെ നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളും കമ്പനികളുമായി സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോയെന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും.
കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ചവിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.