മസ്കത്ത്: രണ്ടാമത് വെസ്റ്റ് ഏഷ്യൻ ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പ് വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ തുടക്കമായി. ഫെബ്രുവരി 12 വരെ നടക്കുന്ന ടൂർണമെന്റിൽ വെസ്റ്റ് ഏഷ്യൻവോളിബാൾ അസോസിയേഷനിൽ അംഗങ്ങളായ എട്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള 11 ക്ലബ്ബുകളാണു മാറ്റുരക്കുന്നത്.
സുഹാർ സ്പോർട്സ് കോംപ്ലക്സിന്റെ പ്രധാന ഹാളിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ക്ലബ്ബ് ടീമുകൾക്ക് പരിശീലനത്തിനായി മാജിസ് ക്ലബ്, അൽ സലാം ക്ലബ് ഹാളുകൾ നൽകും. വടക്കൻ ബാത്തിന ഗവർണറേറ്റിലെ നിരവധി സർക്കാർ, കായിക സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂർണമെന്റ് കാലയളവിൽ നടക്കുന്ന നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പിൽ ഖത്തറിലെ അൽ-റയ്യാൻ, സൗദി അറേബ്യയിലെ അൽ ഇബ്തിസാം, ഒമാനിലെ അൽ സീബ്, എമിറേറ്റ്സിലെ ബനിയാസ്, കുവൈത്തിലെ അൽ ഖാദിസിയ എന്നിവയാണുള്ളത്. രണ്ടാമത്തെ ഗ്രൂപ്പിൽ യമനിലെ ഖൈബൽ അൽ മഹ്റ, ഖത്തറിലെ അൽ അറബി, ജോർഡനിലെ ഷബാബ് അൽ ഹുസൈൻ, ബഹ്റൈനിലെ അൽ അഹ്ലി, കുവൈത്തിലെ അൽ കുവൈത്ത്, ടൂർണമെൻറിന്റെ ആതിഥേയരായ സുഹാർ ക്ലബ്ബുമാണ് വരുന്നത്. ഓരോ ഗ്രൂപ്പിലും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഇതിൽനിന്ന് ആദ്യ നാലു സ്ഥാനത്തെത്തുന്നവർ രണ്ടാം റൗണ്ടിലേക്കു കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.