ഇമാംഖാൻ അഞ്ചൽ, എൽ.എൽ.ബി
തെറ്റു ചെയ്യണമെന്ന ഉദ്ദേശമില്ലെങ്കിലും ചില പ്രവൃത്തികൾ നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ജാഗ്രതയാണ് പ്രവാസിയുടെ ഏറ്റവും വലിയ സുരക്ഷ
“ഞാൻ എന്താണ് തെറ്റ് ചെയ്തത്?”
ഒരു നിയമപ്രശ്നം നേരിടേണ്ടി വന്നാൽ സാധാരണയായി ഒരാൾ ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. പല സാഹചര്യങ്ങളിലും നിയമം ലംഘിക്കണമെന്ന ഉദ്ദേശത്തോടെയായിരിക്കില്ല ഒരാൾ ഒരു പ്രവൃത്തി ചെയ്യുന്നത്. ഒരു സുഹൃത്തിനെ സഹായിക്കാനായിരിക്കും, മറ്റൊരാൾക്ക് പണം അയച്ചുകൊടുക്കാനായിരിക്കും, പരിചയക്കാരന് ജോലി കണ്ടെത്തിക്കൊടുക്കാനായിരിക്കും, സോഷ്യൽ മീഡിയയിൽ ദേഷ്യപ്പെട്ട് ഒരു സന്ദേശം അയച്ചതായിരിക്കാം.ഇതൊക്കെ സാധാരണ കാര്യങ്ങളല്ലേ എന്ന ചിന്തയാകാം അതിന് പിന്നിൽ.
എന്നാൽ ഒരു കാര്യം സാധാരണയായി ആളുകൾ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അത് എല്ലാ സാഹചര്യങ്ങളിലും നിയമപരമായി സുരക്ഷിതമാണെന്ന് പറയാനാവില്ല.
പ്രത്യേകിച്ച് വിദേശത്ത് ജീവിക്കുന്ന പ്രവാസികൾക്ക് തങ്ങൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. ഒമാനിലെ തൊഴിൽ മേഖലയിലും വിദേശ തൊഴിലാളികളുടെ തൊഴിൽ അനുമതിയിലും നിയമപരമായ പ്രത്യേക വ്യവസ്ഥകളുണ്ട്.
ഒരു സുഹൃത്തിനെ സഹായിക്കുന്നത് എപ്പോൾ പ്രശ്നമാകാം?
പ്രവാസജീവിതത്തിൽ പരസ്പരം സഹായിക്കുക സാധാരണമാണ്. പ്രത്യേകിച്ച് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ രേഖ, കമ്പനി രേഖ, ഫോൺ/സിം, വാഹനം തുടങ്ങിയവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുമ്പോൾ, അതിന്റെ ഉദ്ദേശ്യവും നിയമപരമായ പശ്ചാത്തലവും വ്യക്തമായി മനസ്സിലാക്കുന്നത് സുരക്ഷിതമായ സമീപനമാണ്. സംശയം തോന്നുന്ന സാഹചര്യമാണെങ്കിൽ, സഹായിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തോടോ യോഗ്യനായ നിയമോപദേശകനോടോ കാര്യങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്.
വാട്സ്ആപിൽ എന്തും എഴുതാനാവില്ല
സോഷ്യൽ മീഡിയയും മെസേജിങ് ആപ്പുകളും ഇന്ന് പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു നിമിഷത്തെ ദേഷ്യത്തിൽ എഴുതിയ വാക്കുകൾ പിന്നീട് വലിയ പ്രശ്നമാകാൻ സാധ്യതയുണ്ട്. ഒരാളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം, തെളിവില്ലാത്ത ആരോപണങ്ങൾ, മറ്റൊരാളുടെ സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ അനുമതിയില്ലാതെ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. 2026 ജൂണിൽ ഒമാനിൽ പുതിയ സൈബർ ക്രൈം നിയമം സംബന്ധിച്ച നിയമ നിർമാണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ ഇടപെടലുകളിലും നിയമപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സാഹചര്യമാണുള്ളത്.
രേഖ: മറ്റൊരാൾക്ക് നൽകുമ്പോൾ
ഒരു ഫോമിന് വേണ്ടിയാണ്, ഒരു അപേക്ഷ സമർപ്പിക്കാൻ മാത്രം, നാളെ തന്നെ തിരികെ തരാം, ഇങ്ങനെ പറഞ്ഞ് ഒരാൾ നിങ്ങളുടെ തിരിച്ചറിയൽ രേഖയോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ആവശ്യപ്പെട്ടാൽ, അവ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് മനസ്സിലാക്കാതെ നൽകുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
സ്വന്തം പേരിലുള്ള രേഖകളുടെ ഉപയോഗത്തിൽ വ്യക്തിക്ക് പരമാവധി നിയന്ത്രണം ഉണ്ടായിരിക്കണം.പ്രത്യേകിച്ച് ഒപ്പിടേണ്ട രേഖകളാണെങ്കിൽ അതിന്റെ ഉള്ളടക്കം പൂർണമായി മനസ്സിലാക്കിയ ശേഷം മാത്രമേ ഒപ്പിടാവൂ. അറബിയിലോ മറ്റൊരു ഭാഷയിലോ ഉള്ള രേഖ മനസ്സിലാകുന്നില്ലെങ്കിൽ, വിവർത്തനം അല്ലെങ്കിൽ യോഗ്യമായ നിയമസഹായം തേടുന്നത് കൂടുതൽ സുരക്ഷിതമാണ്.
ജോലി: സഹായം മാത്രമാണോ?
പ്രവാസികളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ജോലി. ഒമാനിലെ ലേബർ നിയമ പ്രകാരം പ്രവാസികൾക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിന് നിയമത്തിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. തൊഴിലുടമക്കും തൊഴിലാളിക്കും ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വങ്ങളുണ്ട്.
മറ്റൊരാളുടെ ജോലി ഏറ്റെടുക്കുകയോ മറ്റൊരാളെ സ്വന്തം ജോലിയിൽ ഉപയോഗിക്കുകയോ ചെയ്യുന്നതിന് മുമ്പ് നിയമപരമായ സ്ഥിതി പരിശോധിക്കണം.പ്രത്യേകിച്ച് തൊഴിലുടമ, വർക്ക് പെർമിറ്റ്, തൊഴിൽ, തൊഴിൽ സ്‌ഥലം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് വ്യക്തത നേടുന്നതാണ് ഉചിതം.
പണം: വിശ്വാസം മാത്രം പോര
പ്രവാസികൾ പരസ്പരം പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ വലിയ തുകയാണെങ്കിൽ ഇടപാടിന്റെ രേഖ സൂക്ഷിക്കുക, പണം എന്തിനാണ് നൽകുന്നതെന്ന് വ്യക്തത വരുത്തുക, സാധ്യമായിടത്ത് ബാങ്കിങ് ചാനലുകൾ ഉപയോഗിക്കുക, മറ്റൊരാളുടെ പണം സ്വന്തം അക്കൗണ്ടിലൂടെ കൈമാറുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ഉദ്ദേശ്യവും മനസ്സിലാക്കുക, സംശയമുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമോപദേശം തേടുക.
അവൻ എന്റെ സുഹൃത്താണ്, അതുകൊണ്ട് പ്രശ്നമില്ല എന്ന വിശ്വാസം മാത്രം സാമ്പത്തിക ഇടപാടുകൾക്ക് മതിയായ സുരക്ഷയാകണമെന്നില്ല.
വാഹനം നൽകുമ്പോൾ ജാഗ്രത വേണം
അൽപ സമയത്തേക്കായി സുഹൃത്ത് വാഹനം ആവശ്യപ്പെടുന്നു. സഹായിക്കാനായി വാഹനം നൽകുന്നതിന് മുമ്പ്, വാഹനം ഉപയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമായ നിയമപരമായ അനുമതികളും ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസുമായി ബന്ധപ്പെട്ട ആവശ്യകതകളും നിലവിലുണ്ടോ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. അപകടമോ മറ്റേതെങ്കിലും പ്രശ്നമോ ഉണ്ടായാൽ പിന്നീട് കാര്യങ്ങൾ വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാകാം. അതുകൊണ്ട് സൗഹൃദത്തോടൊപ്പം ഉത്തരവാദിത്വവും വേണം.
വീട്ടിൽ ഒരാളെ താമസിപ്പിക്കുമ്പോൾ
പ്രവാസികൾ തമ്മിൽ പരസ്പരം താമസസൗകര്യം നൽകുന്നത് സാധാരണമാണ്. പക്ഷേ, വാടകക്കരാർ, താമസ സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധനകൾ, കെട്ടിടത്തിന്റെ നിയമങ്ങൾ തുടങ്ങിയവ പരിഗണിക്കാതെ ഒരാളെ ദീർഘകാലം താമസിപ്പിക്കുന്നത് പിന്നീട് തർക്കങ്ങൾക്ക് കാരണമാകാം. അതുകൊണ്ട് സുഹൃത്താണ് എന്നതിനു പുറമേ താമസവുമായി ബന്ധപ്പെട്ട നിയമപരവും കരാർപരവുമായ കാര്യങ്ങൾ കൂടി പരിഗണിക്കണം.
നോട്ടീസ് , സമൻസ് തുടങ്ങിയവ ലഭിച്ചാൽ
ഇത്തരം അറിയിപ്പുകൾ ഗൗരവമായി എടുക്കേണ്ടത് അവ കൈപ്പറ്റി ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് അവയുടെ സാഹചര്യങ്ങൾ മനസ്സിലാക്കി പരിഹരിക്കേണ്ടതാണ്. അവഗണിച്ച് മറുപടി നൽകാതെ ഒഴിവാക്കാവുന്നവയല്ല അല്ലെങ്കിൽ രക്ഷപ്പെടാവുന്നവയല്ല ഇത്തരം അറിയിപ്പുകൾ ഒന്നോർക്കുക. സംശയമുള്ള കാര്യത്തിൽ ആദ്യം ചെയ്യാം, പിന്നീട് നോക്കാം എന്ന സമീപനം ഒഴിവാക്കുക.
നിയമബോധം ഭയപ്പെടാനുള്ള കാര്യമല്ല. നിയമത്തെ മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ ജീവിക്കുകയാണ് ഏറ്റവും നല്ല സുരക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.