ബഹ്‌ലയിൽ ഒമാൻ അസിസ്റ്റന്റ് ഗ്രാൻഡ് മുഫ്തി ശൈഖ് ഡോ. കഹ്‌ലാൻ ബിൻ നബ്ഹാൻ അൽ ഖരൂസി ഉദ്ഘാടനം ചെയ്ത ‘സുൻത് മസ്ജിദ്’
ബഹ്‌ല: ദാഖിലിയ ഗവർണറേറ്റിലെ ബഹ്‌ല വിലായത്തിൽ 10 ലക്ഷം ഒമാനി റിയാൽ ചെലവിൽ നിർമിച്ച പ്രൗഢഗംഭീരമായ സുൻത് മസ്ജിദ്’ ഒദ്യോഗികമായി തുറന്നു കൊടുത്തു. ഒമാൻ അസിസ്റ്റന്റ് ഗ്രാൻഡ് മുഫ്തി ശൈഖ് ഡോ. കഹ്‌ലാൻ ബിൻ നബ്ഹാൻ അൽ ഖരൂസിയുടെ മുഖ്യകാർമ്മികത്വത്തിൽ മസ്ജിദിന്റെ ഉദ്ഘാടനം നടന്നു. തുടർന്ന് നടന്ന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകി. പള്ളികൾ കേവലം പ്രാർഥനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും മറിച്ച് വിജ്ഞാനത്തിന്റെയും സഹിഷ്ണുതയുടെയും സാമൂഹിക ഐക്യത്തിന്റെയും വേദികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മതപരവും സാമൂഹികവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മസ്ജിദുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇസ്‍ലാമിക വാസ്തുവിദ്യയുടെ സൗന്ദര്യവും ഒമാന്റെ തനത് സംസ്കാരവും പൈതൃകവും സമന്വയിപ്പിച്ചാണ് ഈ പുതിയ മസ്ജിദ് ഒരുക്കിയിരിക്കുന്നത്. 5,490 ചതുരശ്ര മീറ്റർ ഭൂമിയിൽ 2,350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മസ്ജിദിൽ ഒരേസമയം 3,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള പ്രധാന ഹാളിന് പുറമെ, ഇരുന്നൂറോളം വനിതകൾക്കായി പ്രത്യേക പ്രാർത്ഥനാ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. അനുബന്ധ സേവന കേന്ദ്രങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും മസ്ജിദ് കോംപ്ലക്സിലുണ്ട്. പ്രദേശവാസികൾക്കും സമീപപ്രദേശങ്ങളിലെ വിശ്വാസികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഈ മസ്ജിദ്, ബഹ്‌ലയിലെ പ്രധാനപ്പെട്ട ഒരു മത-സാംസ്കാരിക കേന്ദ്രമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.