ഇംപീരിയല്‍ കിച്ചണ്‍ റസ്റ്റാറന്റില്‍ നടന്ന വാർത്തസമ്മേളനത്തിൽ വയനാട് പ്രവാസി
അസോസിയേഷന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: വയനാട് പ്രവാസി അസോസിയേഷന്റെ ഔദ്യാഗിക ലോഗോ പ്രകാശനം ചെയ്തു. ഇംപീരിയല്‍ കിച്ചണ്‍ റസ്റ്റാറന്റില്‍ നടന്ന വാർത്തസമ്മേളനത്തിൽ ചെയര്മാന് ലിനു ശ്രീനിവാസും പ്രസിഡന്റ് ഷാജി ജോസഫും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ കോട്ടേക്കാരന്‍, റാസിക്ക് വരിയില്‍, തന്‍വീര്‍ കടവന്‍, ഷൗക്കത്ത് പള്ളിയാല്‍, ഷാഹുല്‍ പാറക്ക, സുനില്‍ സുരേഷ് എന്നിവർ സംബന്ധിച്ചു.
ഒമാനിലെ വയനാട് ജില്ലക്കാരായ പ്രവാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന കൂട്ടായ്മയാണ് വയനാട് പ്രവാസി അസോസിയേഷനെന്നും ജാതി- മത- രാഷ്ട്രീയ ഭേദമന്യേ ഒത്തുചേര്‍ന്ന് പരസ്പരം പിന്തുണ നല്‍കുകയും ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്സ്ആപ് ഗ്രൂപ്പായി ആരംഭിച്ച ചെറു സംഘം ഇന്ന് കൂടുതല്‍ വിശാലമായി കൂട്ടായ്മ എന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. വയനാട്ടുകാരായ ആര്‍ക്കും ഈ സംഘടനയുടെ ഭാഗമാകാമെന്നും ചെയര്മാന് ലിനു ശ്രീനിവാസ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു.
മുണ്ടക്കൈ ദുരന്തം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ ബോധവത്കരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനൊപ്പം അവര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കും. ഒമാനും വയനാടിനുമിടയില്‍ ടൂറിസവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാടിന്റെ സൗന്ദര്യവും കഴിവുകളും പ്രദര്‍ശിപ്പിക്കുക കൂടിയാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് ഷാജി ജോസഫ് പറഞ്ഞു. ഒത്തൊരുമിച്ചാല്‍ ഇവിടെയുള്ള സഹോദരങ്ങള്‍ക്കും വയനാടിനും വലിയ നേട്ടങ്ങള്‍ കൈവര്ക്കാനാകുമെന്ന് ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടേക്കാരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.