മസ്കത്ത്: കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്നതിന് മാർഗ നിർദേശങ്ങളുമായി അധികൃതർ. റമദാൻ മാസത്തിൽ റെസിഡൻഷ്യൽ വരിക്കാരുടെ ജല സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് പുതിയ നയം പുറപ്പെടുവിച്ച് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി (എ.പി.എസ്.ആർ) ഡയറക്ടർ ബോർഡ് ചെയർമാൻ സലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു. വാരാന്ത്യങ്ങൾക്കും ഔദ്യോഗിക അവധികൾക്കും മുമ്പുള്ള അവസാന പ്രവൃത്തി ദിവസങ്ങളിലും കുടിവെള്ള കണക്ഷൻ വിച്ഛേദിക്കരുതെന്നും വ്യവസ്ഥയുണ്ട്.
കണക്ഷൻ വിച്ഛേദിക്കാൻ കുറഞ്ഞത് പത്തു ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണം. ബില്ലുകൾ അടക്കാതിരിക്കുക, വൈകി ബിൽ അടക്കുക, കണക്ഷൻ അഭ്യർഥനയിൽ സൂചിപ്പിക്കാത്ത മറ്റ് ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കുക, മറ്റ് വരിക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വെള്ളം ദുരുപയോഗം ചെയ്യുക, അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കണക്ഷൻ എന്നിങ്ങനെയുള്ള അഞ്ച് സാഹചര്യങ്ങളിൽ ജലവിതരണം വിച്ഛേദിക്കാം. കുടിശ്ശികയുടെ നാലിലൊന്നോ പകുതിയോ അടക്കുക, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ കുടിശ്ശിക ഗഡുക്കളായി തീർക്കാൻ സമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വീണ്ടും കണക്ഷൻ നൽകാം. പുതിയ തീരുമാനമനുസരിച്ച്, സ്മാർട്ട് മീറ്ററുകളുള്ള റസിഡൻഷ്യൽ വരിക്കാരുടെ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് മൂന്ന് മണിക്കൂറിനുള്ളിലും സ്മാർട്ട് മീറ്ററുകൾ ഇല്ലാത്ത വരിക്കാരുടേത് ആറ് മണിക്കൂറിനുള്ളിലും നടത്തണമെന്നും വ്യവസ്ഥയിൽ പറയുന്നു.
തകരാർ, കേടുപാടുകൾ അല്ലെങ്കിൽ സേവനത്തിൽ അതൃപ്തി എന്നിവ ഉണ്ടായാൽ വരിക്കാർക്ക് സേവന ദാതാക്കൾക്കെതിരെ പരാതി ഫയൽ ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ സേവന ദാതാവ് രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന പരാതികളിൽ രേഖാമൂലമുള്ള മറുപടികൾ സേവന ദാതാക്കൾ നൽകേണ്ടതാണ്. മീറ്റർ റീഡിങ്ങിൽ പിഴവ് സംഭവിക്കുകയോ ബില്ലിന്റെ കണക്കുകൾ തെറ്റുകയോ ചെയ്താൽ, തെറ്റ് തിരുത്താനും ബിൽ കൃത്യമായി കണക്കാക്കാനും സേവന ദാതാവ് ബാധ്യസ്ഥനാണ്. മാർച്ച് 27ന് പുറപ്പെടുവിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അടുത്ത ദിവസം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.