ബുറൈമി ഗവർണറേറ്റിൽ നാമ വാട്ടർ സർവിസസ്
നടപ്പാക്കുന്ന വികസനപദ്ധതികളിലൊന്ന്
മസ്കത്ത്: ജലസേവന സുസ്ഥിരതയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുറൈമി ഗവർണറേറ്റിൽ നാമ വാട്ടർ സർവിസസ് നടപ്പാക്കുന്ന സുപ്രധാന വികസനപദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുതിയ ജലശൃംഖലകളുടെ വികസനവും നിലവിലുള്ളവയുടെ പുനരുദ്ധാരണവും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
മുമ്പ് നടപ്പാക്കിയിരുന്ന ഗവർണറേറ്റിലെ ജലശൃംഖല കവറേജ് 60 ശതമാനത്തിലെത്തി. നിലവിൽ, ഗവർണറേറ്റിലുടനീളമുള്ള പുതിയ റെസിഡൻഷ്യൽ പ്ലാനുകളിലും പ്രദേശങ്ങളിലുമായി ആറ് ജല ശൃംഖല പദ്ധതികൾ കമ്പനി നടപ്പാക്കുന്നുണ്ട്. വടക്കൻ അൽ ഉഖ്ദ പദ്ധതിയുടെ ഭാഗമായ അൽ ഗുറൈഫ (ഘട്ടം രണ്ട്), ഹഫീത്, അൽ സിനൈന എന്നിവിടങ്ങളിലെ നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പദ്ധതികളിൽ നടപ്പാക്കുന്ന പുതിയ നെറ്റ്വർക്കുകളുടെ ആകെ ദൈർഘ്യം ഏകദേശം 20 കിലോമീറ്ററാണ്. ഇതിന് 2,47,000 റിയാലാണ് ചെലവ്. ഏകദേശം 250 കണക്ഷനുകളിലായി 12,000 വരിക്കാർക്ക് പ്രയോജനപ്പെടും. പൂർത്തീകരണനിരക്ക് ഏകദേശം 40 ശതമാനത്തിലെത്തി. ഈ വർഷം അവസാനത്തോടെ അൽ ഗുറൈഫ 100 ശതമാനം പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.