ഖൽഹാത്ത് പുരാവസ്തു കേന്ദ്രം
മസ്കത്ത്: ഒമാനിലെ പ്രധാന പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും ബാത്തിലും വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുക്കുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും ചരിത്രത്തിൽ ഇടം പിടിച്ച പുരാവസ്തു കേന്ദ്രങ്ങളാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതാണ് ഈ രണ്ട് കേന്ദ്രങ്ങളും. ഇവിടെ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്താനാണ് സന്ദർശക കേന്ദ്രം സ്ഥാപിക്കുന്നത്. പൈതൃക- ടൂറിസം മന്ത്രാലയമാണ് നിർമാണ സംബന്ധമായ ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരി ഏഴാണ് ടെഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
ഏറെ ചരിത്രപ്രധാന്യമുള്ള ഈ രണ്ടിടങ്ങളും ഏറെ സന്ദർശകരെ ആകർഷിക്കും. ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും ഭക്ഷണത്തിനടക്കമുള്ള നിരവധി സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കാൻ സാധ്യതയുണ്ട്. ഖൽഹാത്ത് ഒരുകാലത്ത് പ്രധാന വ്യാപാരകേന്ദ്രവുമായിരുന്നു. പ്രമുഖ ലോക സഞ്ചാരികളായ മാർക്കോ പോളോ, ഇബ്നു ബത്തൂത്ത എന്നിവർ ഖൽഹാത്ത് സന്ദർശിച്ചിരുന്നു.
2018 ലാണ് ഇത് യുനസ്കോ പട്ടികയിൽ ഇടം പിടിച്ചത്. ലോകത്തിന്റെ വവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾ ഖൽഹാത്ത് വഴിയാണ് കടന്നു പോയിരുന്നത്. കപ്പലുകൾ ഇവിടെ നങ്കൂര മിട്ടിരുന്നതിനാൽ ഈ പ്രദേശം സാംസ്കാരികമായും സാമ്പത്തികമായും ഏറെ ഉയർന്ന നിലയിരുന്നു ഇവിടുത്തെ താമസക്കാർ. മറ്റു അറേബ്യൻ രാജ്യങ്ങൾ, ഇന്ത്യ, ആഫ്രിക്ക, ചൈന, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ചരക്കുമായി വരുന്ന കപ്പലുകൾ ഇവിടെയാണ് തങ്ങിയിരുന്നത്. അതിനാൽ എ.ഡി 11 മുതൽ 15 വരെ കാലഘട്ടത്തിൽ ഇവിടെ വൻവളർച്ചയാണ് നേടിയിരുന്നത്. അക്കലത്തെ വീടുകളുടെയും താമസ ഇടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും അവശിഷ്ഠ്ങ്ങൾ ഇന്നുമുണ്ട്. ആ സമയത്ത് രാജ്യം ഭരിച്ചിരുന്നു ബീവി മറിയത്തിഴന്റെ കുടീരവും ഇതിൽ ഉൾപ്പെടും.
ഇബ്രിക്കടുത്തുള്ള ബാത്തും ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതാണ്. അൽ ഖുത്തും അൽ ഐൻ എന്നീ ഗ്രാമങ്ങളിലാണ് ബാത്ത് സ്ഥിതിചെയ്യുന്നത്. യുനസ്കോ പട്ടികയിൽ ഇടം പിടിച്ച ബാത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. വെങ്കലയുഗത്തിൽ തന്നെ ഇവിടെ മനുഷ്യ വാസമുണ്ടായിരുന്നുവെന്നും അവർ ഏറെ സാസ്കാരിക മികവുപുലർത്തുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബി.സി മൂവായിരത്തിലെ ശവ കുടീരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെനിന്ന് കണ്ടെടുക്കുകയുണ്ടായി.
ഉമ്മു അന്നാർ എന്ന പേരിൽ അറിയപ്പെടുന്ന ശ്മശാനത്തിൽ 100 ശവകുടീരങ്ങളുണ്ട്. അൽ റുജൂം എന്ന പേരിൽ അറിയപ്പെടുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ കൊട്ടാരത്തിന് എട്ടു മുറികളും ഒരു കിണറും ഉണ്ടായിരുന്നു. ഏതായാലും ഈ രണ്ട് ചരിത്ര പ്രധാന്യമുള്ള കേന്ദ്രങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് വിനോദ സഞ്ചാരികൾ വർധിക്കാൻ കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.