ഖൽഹത്ത് ആർക്കിയോളജിക്കൽ സിറ്റി വിസിറ്റർ സെന്ററിന്റെ രൂപരേഖ
ഖൽഹാത്തിൽ സന്ദർശകകേന്ദ്രം സ്ഥാപിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം ഒമാൻ എൽ.എൻ.ജി കമ്പനിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി കരാറിൽ ഒപ്പുവെക്കുന്നുമസ്കത്ത്: പുരാവസ്തു നഗരമായ ഖൽഹാത്തിൽ സന്ദർശക കേന്ദ്രം സ്ഥാപിക്കുന്നു. 30 ലക്ഷം റിയാൽ ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കുക. ധനസഹായം നൽകുന്നതിന് പൈതൃക, ടൂറിസം മന്ത്രാലയം ഒമാൻ എൽ.എൻ.ജി കമ്പനിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി കരാറിൽ ഒപ്പുവെച്ചു.
ഖൽഹത്ത് ആർക്കിയോളജിക്കൽ സിറ്റി വിസിറ്റർ സെന്റർ പദ്ധതിയുടെ ധനസഹായകരാറിൽ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, ഒമാൻ എൽ.എൻ.ജി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. അമർ ബിൻ നാസർ അൽ മതാനി എന്നിവരാണ് ഒപ്പിട്ടത്. 5,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഖൽഹാത്ത് ആർക്കിയോളജിക്കൽ സിറ്റി വിസിറ്റർ സെന്റർ നിർമിക്കുക. പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനായി രണ്ട് മ്യൂസിയം എക്സിബിഷൻ ഹാളുകളും ഉണ്ടാകും.
ഖൽഹാത്തിൽ സന്ദർശകകേന്ദ്രം സ്ഥാപിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം ഒമാൻ എൽ.എൻ.ജി കമ്പനിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി കരാറിൽ ഒപ്പുവെക്കുന്നു
അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, ഒരു ഗിഫ്റ്റ് ഷോപ്, ഒരു കഫേ, പരിപാടികൾക്കുള്ള ഔട്ട്ഡോർ പ്ലാസ, സന്ദർശകകേന്ദ്രത്തെ പുരാവസ്തുനഗരവുമായി ബന്ധിപ്പിക്കുന്ന പാതകൾ, ഇരിപ്പിടങ്ങൾ, ഔട്ട്ഡോർ കനോപ്പികൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയും കേന്ദ്രത്തിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ഖൽഹത്ത് ഒമാനിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലും തുറമുഖങ്ങളിലും ഒന്നാണ്. ഹോർമുസ് രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഇത്.
ഒമാൻ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം നിരവധി വ്യാപാരകപ്പലുകളെ ആകർഷിക്കുന്നു. ഈ സ്ഥാനം ഇന്ത്യ, യമൻ, ലോകത്തിലെ മറ്റ് പ്രദേശങ്ങൾ എന്നിവയുമായുള്ള സമുദ്രവ്യാപാരത്തിനുള്ള ഒരു കേന്ദ്രമായും മാറ്റി. ഇന്ത്യയിലേക്ക് അറേബ്യൻ കുതിരകളെ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു കേന്ദ്രം കൂടിയായിരുന്നു ഇത്. നിരവധി സഞ്ചാരികളും പര്യവേക്ഷകരും ഇത് വിവരിച്ചിട്ടുണ്ട്. ഈ ചരിത്രനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2018ൽ ഖൽഹാത്തിന്റെ പുരാവസ്തുസ്ഥലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.