ഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും സൗന്ദര്യവും നുകരാനെത്തിയത് 10,48,000 സന്ദർശകർ. ജൂൺ 21മുതൽ സെപ്റ്റംബർ 21വരെയുള്ള കാലയളവിലാണ് ഇത്രയും സഞ്ചാരികളെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വളർച്ചയാണ് ഉണ്ടായത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം 2023ലെ ഇതേകാലയളവിൽ 9,62,000 സന്ദർകരായിരുന്നു ദോഫാറിൽ എത്തിയിരുന്നത്.
2023ൽ 6,76,009 ആയിരുന്ന ഒമാനി സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 7,34,588 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 16.9 ശതമാനം വർധിച്ച് ആകെ 1,76,643പേരായി. 2023ൽ ഇത് 1,61,472 ആയിരുന്നു. മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 3.6 ശതമാനം വർധിച്ച് 37,790 ആയി. മുൻവർഷം ഇത് 35,095 ആയിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 8.3 ശതമാനം ഉയർന്ന് ഏകദേശം 86,678 ആയി. 2023ലെ ഇതേ കാലയളവിൽ ഇത് 78,401 ആയിരുന്നു. യൂറോപ്യൻ സന്ദർശകരുടെ എണ്ണം 0.5 ശതമാനം വർധിച്ച് 7,992 ആയി. 2023ൽ 7,433 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 2024ൽ 4,060 ആണ്.
2023ൽ രേഖപ്പെടുത്തിയ 3,008 സന്ദർശകരുമായി താരതമ്യം ചെയ്യുമ്പോൾ 0.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023ൽ ഇത് 7,22,795 ആളുകൾ റോഡുമാർഗം ദോഫാറിലെത്തിയപ്പോൾ ഈ വർഷമിത് 7,94,596 സന്ദർശകരായി ഉയർന്നു. 2,53,155 സന്ദർശകർ ദോഫാറിലേക്ക് വിമാനമാർഗമാണെത്തിയത്, മുൻ വർഷം 2,39,401 ആളുകളായിരുന്നു എത്തിയിരുന്നത്. ജൂൺ 21 മുതൽ സെപ്റ്റംബർ 21വരെ 1,03,073 അന്താരാഷ്ട്ര വിമാനങ്ങളും 1,50,082 ആഭ്യന്തര വിമാനങ്ങളും ഉണ്ടായിരുന്നുവെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. സഞ്ചാരികളുടെ വരവ് മുന്നിൽകണ്ട് വിവിധ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടപ്പാക്കിയിരിക്കുന്നത്. ദോഫാർ ഗവർണറേറ്റ് പൈതൃക ടൂറിസം മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റി, ഒമ്രാൻ ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെ നിരവധി ടൂറിസം പദ്ധതികളുടെ വികസനം പൂർത്തിയാക്കിയത്.
ദർബാത്ത്, ഹംരിർ വ്യൂ പോയന്റുകൾ, അൽ മുഗ്സൈൽ വാട്ടർഫ്രണ്ട്, ഐൻ ജാർസിസിന്റെ പുനർ വികസനം, മിർബാത്തിലെ രണ്ട് ടൂറിസം പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അൽ ദംർ വ്യൂപോയന്റും അഗ്ബീർ റിക്രിയേഷനൽ പാർക്കിന്റെ ആദ്യ ഘട്ടവും, രഖ്യുത്തിലെ ഷാറ്റ് വ്യൂപോയന്റും നവീകരിച്ചു. ഖരീഫ് സീസണിൽ ദോഫാറിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി പൈതൃക ടൂറിസം മന്ത്രാലയം വിവിധ പ്രമോഷനൽ പരിപാടികളും നടത്തിയിരുന്നു. ഒമാനിലും ജി.സി.സി രാജ്യങ്ങളിലുടനീളമുള്ള ബിൽബോർഡുകളിൽ പരസ്യം ചെയ്യൽ, ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു.
എം.ബി.സി ടി.വി പോലുള്ള മാധ്യമ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സീസൺ പ്രമോട്ട് ചെയ്തിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ പ്രാവശ്യം മികച്ച സീസണായിരുന്നുവെന്ന് കച്ചവടക്കാരും പറഞ്ഞു. തുടർച്ചയായി പെയ്ത മഴയും കോടമഞ്ഞും തണുപ്പുമെല്ലാം സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് നൽകിയത്. ഖരീഫ് സീസണിനുശേഷവും ദോഫാർ ഗവർണറേറ്റിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനായി വിവിധ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.