ആയുധമുക്ത പശ്ചിമേഷ്യ; യു.എൻ സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി ഒമാൻ
മസ്കത്ത്: പശ്ചിമേഷ്യയെ ആണവായുധങ്ങളിൽ നിന്നും മറ്റ് കൂട്ടനശീകരണായുധങ്ങളിൽ നിന്നും മുക്തമാക്കാനുള്ള കോൺഫറൻസിന്റെ ഏഴാം സെഷന് മുന്നോടിയായുള്ള കൂടിയാലോചനാ യോഗം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്നു. നവംബർ 16 മുതൽ 20 വരെ നടക്കാനിരിക്കുന്ന ഈ സമ്മേളനത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഒമാന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധിയും സമ്മേളനത്തിന്റെ ഏഴാം സെഷൻ പ്രസിഡന്റുമായ അംബാസഡർ ഒമർ ബിൻ സഈദ് അൽ കസീരി യോഗത്തിന് നേതൃത്വം നൽകി. വിവിധ അംഗരാജ്യങ്ങളും യു.എൻ സെക്രട്ടേറിയറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വരാനിരിക്കുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങളും അജണ്ടകളും യോഗം ചർച്ച ചെയ്തു. ഇതിനുപുറമേ, പശ്ചിമേഷ്യയെ ആയുധമുക്ത മേഖലയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തിയ കൂടിയാലോചനകളുടെ വിലയിരുത്തലുകളും യോഗത്തിൽ മുഖ്യവിഷയമായി.
മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനും കൂട്ടനശീകരണ ആയുധങ്ങളില്ലാത്ത പശ്ചിമേഷ്യ എന്ന ലക്ഷ്യത്തിലേക്ക് നയതന്ത്രപരമായ പുരോഗതി കൈവരിക്കാനും ഒമാൻ നൽകുന്ന മുൻഗണനയും പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണ് ഈ സമ്മേളനത്തിന്റെ നേതൃസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.