സുഹാർ: സോഹാർ ലിറ്റററി ഫോറത്തിന്റെ ആദ്യത്തെ മെഗാ സാംസ്കാരിക പരിപാടിയായ ‘വയലാർസ്മൃതി’ കാവ്യസന്ധ്യ ഡിസംബർ 20ന് സുഹാർ പാം ഗാർഡൻ ക്ലാസിക് വില്ലാ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഭാഗമായി വയലാർ കവിതാപാരായണ മത്സരവും അനുബന്ധ നൃത്തശിൽപങ്ങളും സംഘടിപ്പിക്കും.
അമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും വയലാറിന്റെ വരികളിലെ മാധുര്യം ഇന്നും അതേ തീവ്രതയിൽ ഒരു ഗൃഹാതുരത്തമായി മലയാളിമനസ്സിൽ നിലനിൽക്കുന്നതിന്റെ സ്നേഹഭരിതമായ ഓർമപ്പെടുത്തലാണ് ഈ സ്മരണാഞ്ജലിയെന്ന് ലിറ്റററി ഫോറം പ്രസിഡന്റ് കെ.ആർ.പി. വള്ളികുന്നം പറഞ്ഞു.
മത്സരാർത്ഥികളെ ജൂനിയർ (10–15 വയസ്), സീനിയർ (15 വയസിന് മുകളിൽ) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിൽനിന്നും മികച്ച 10 പേരെ ഫൈനൽ റൗണ്ടിലേക്കായി തെരഞ്ഞെടുക്കും. സ്ക്രീനിംഗ് ഡിസംബർ ആറ്, ഏഴ് തീയതികളിൽ സുഹാറിൽ നടക്കും.
ഓരോ വിഭാഗത്തിലുമുള്ള ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനത്തുകയും നൽകും. ചടങ്ങിന്റെ മുഖ്യാതിഥിയായ വയലാറിന്റെ മകനും ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ്മ സമ്മാനദാനം നിർവഹിക്കും. അന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് സുഹാർ ലിറ്റററി ഫോറം നൽകുന്ന പ്രഥമ ‘സുവർണ തൂലികാ’ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും.
പരിപാടിക്കായി വിപുലമായ പ്രോഗ്രാം കമ്മിറ്റി രൂപീകരിക്കുമെന്ന് ഫോറം സെക്രട്ടറി സി.കെ. സുനിൽകുമാർ അറിയിച്ചു. മത്സരാർത്ഥികൾ ഡിസംബർ അഞ്ചിനകം ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി 97580948 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.