മസ്കത്ത്: ഒമാനിലെ സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു. ഒമാന്റെ സുരക്ഷക്കും സുസ്ഥിരതക്കും ജി.സി.സി പൂർണ പിന്തുണ നൽകുമെന്നും ഇത്തരം അക്രമങ്ങളെ അംഗരാജ്യങ്ങൾ ഒരേസ്വരത്തിൽ എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സലാല തുറമുഖത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയിലെ സുരക്ഷക്ക് നേരെയുള്ള അപകടകരമായ പ്രകോപനവുമാണ്. ഒമാന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യു.എ.ഇ അറിയിച്ചു.
സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവും പ്രകോപനപരമായ നടപടിയുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഒമാൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്കും മധ്യസ്ഥ ചർച്ചകൾക്കുമേറ്റ തിരിച്ചടിയാണ് ഈ ആക്രമണം. അയൽപക്ക ബന്ധങ്ങളുടെ മര്യാദകൾ ലംഘിക്കുന്ന ഇത്തരം നടപടികൾ മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്നതാണ്. ഒമാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഖത്തർ അറിയിച്ചു.
ഒമാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. മേഖലയിലെ സുരക്ഷ തകർക്കുന്ന ഇത്തരം പ്രകോപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഒമാന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.