മസ്കത്ത്: പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
സംഘർഷങ്ങൾ ലഘൂകരിക്കുന്നനുള്ള ശ്രമങ്ങളാണ് ചർച്ചയിൽ മുഖ്യവിഷയമായത്. സംഭാഷണത്തിനിടെ ഒമാന്റെ നിക്ഷ്പക്ഷ നിലപാട് സുൽത്താൻ ആവർത്തിച്ചു. ഒമാൻ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ അതൃപ്തി അറിയിച്ച സുൽത്താൻ, ആക്രമണങ്ങളെ അപലപിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സംഘർഷം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചചെയ്തു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഇരുവിഭാഗവും വിശദമാക്കി.
ഒരിടവേളക്കുശേഷം ബുധനാഴ്ച ഒമാനുനേരെ വീണ്ടും ആക്രമണമുണ്ടായിരുന്നു. ദുകമിലും സലാലയിലും ബുധനാഴ്ച ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തി. ഇരു ആക്രമണങ്ങളിലും മരണങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല. സലാല തുറമുഖത്തുണ്ടായ ആക്രമണത്തിൽ ഡ്രോണുകൾ ഇന്ധന സംഭരണ ടാങ്കുകളിൽ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.