മസ്കത്ത്: ഒമാന്റെ പല ഭാഗങ്ങളിലും ആഗസ്റ്റ് 21വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം ബാധിച്ചതിന്റെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവണറേറ്റുകളിലും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിക്കുന്നത്. പർവതപ്രദേശങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വാദികൾ നിറഞ്ഞൊഴുകും. നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും താമസക്കാരോടും പൗരൻമാരോടും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച, മഴയുടെ തീവ്രത വർധിക്കാനും 15 മുതൽ 35 മില്ലിമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28-65 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റുവീശുക. കടൽ പ്രക്ഷുബ്ധമാകും. നാല് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയരും.
ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ഇടക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകും. അൽ വുസ്ത, ദോഫാർ ഗവർറേറ്റുകളെയായിരിക്കും പ്രധാനമായും ബാധിക്കുക. ഈ കാലയളവിൽ 25 മുതൽ 45 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.