അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: കഴിഞ്ഞ വർഷം ഫയൽ ചെയ്ത തൊഴിൽ പരാതികളിൽ അധികവും ഏകപക്ഷീയമായ പിരിച്ചുവിടലും പദ്ധതികൾ അടച്ചുപൂട്ടലുകളുമായും ബന്ധപ്പെട്ടതാണെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജി.എഫ്.ഒ.ഡബ്ല്യു) റിപ്പോർട്ട് . പദ്ധതി പൂർത്തീകരണം, പാപ്പരത്തം, ലിക്വിഡേഷൻ എന്നിവയുടെ ഫലമായുണ്ടാകുന്ന കരാർ പിരിച്ചുവിടലുകൾ സുൽത്താനേറ്റിന്റെ തൊഴിൽ ശക്തിയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബയോവൈന്റെ രക്ഷാകർതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ വേളയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പുതിയ ഡിജിറ്റൽ ട്രേഡ് യൂനിയൻ ഡാറ്റ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
തൊഴിലാളികളിൽനിന്ന് ലഭിച്ച പരാതികളിൽ ഭൂരിഭാഗവും സാധുവായ ന്യായീകരണമില്ലാതെ തൊഴിലുടമകൾ ഏകപക്ഷീയമായി തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് ജി.എഫ്.ഒ.ഡബ്ല്യു എടുത്തുകാണിച്ചു. പദ്ധതി പൂർത്തീകരണം അല്ലെങ്കിൽ കമ്പനി പാപ്പരത്തം/ലിക്വിഡേഷൻ എന്നിവ കാരണം കരാർ അവസാനിപ്പിക്കൽ, വേതനവും ബോണസും അടക്കാതിരിക്കുകയോ വൈകി അടക്കുകകയോ ചെയ്യുക, തൊഴിൽ സുരക്ഷയും ആരോഗ്യ ചട്ടങ്ങളും പാലിക്കാത്തത്, ഒമാനി ജീവനക്കാരെ അവരുടെ കരാറുകളിൽ വ്യക്തമാക്കിയിട്ടില്ലാത്ത വ്യത്യസ്ത ജോലി സ്ഥലങ്ങളിലേക്ക് മാറ്റുക എന്നിവയാണ് മറ്റ് പ്രധാന പ്രശ്നങ്ങൾ. ഈ വെല്ലുവിളികൾക്കിടയിലും നിയമപരമായ കേസുകളിൽ 100 ശതമാനം വിജയം നേടാനും സാധിച്ചതായി ജി.എഫ്.ഒ.ഡബ്ല്യു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
453 നിയമ കൺസൾട്ടേഷനുകൾ കൈകാര്യം ചെയ്യുകയും 79 നേരിട്ടുള്ള നിയമ ഇടപെടലുകൾ നൽകുകയും ചെയ്തു. ഇത് തൊഴിലാളികൾക്ക് അനുകൂലമായ കോടതി വിധികളിൽ കലാശിച്ചു. ഒമാനി ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക, നിലവിലുള്ള കരാറുകൾക്ക് കീഴിലുള്ള അവരുടെ തുടർച്ചയായ തൊഴിൽ, വിവിധ സ്ഥാപനങ്ങളിൽ ഒമാനികൾക്ക് വ്യാപകമായ തൊഴിൽ, ദേശീയ തൊഴിൽ ശക്തിയുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള പരിശീലന, യോഗ്യതാ പരിപാടികൾ നടപ്പിലാക്കൽ എന്നിവ വിജയകരമായി ഉറപ്പാക്കിയതായി ഫെഡറേഷൻ പ്രസ്താവിച്ചു. കൂടാതെ, കമ്പനി ലിക്വിഡേഷൻ അല്ലെങ്കിൽ സ്ഥിരമായ അടച്ചുപൂട്ടൽ കാരണം തൊഴിൽ അവസാനിപ്പിച്ച ഒമാനികളെ പുതിയ തൊഴിലവസരങ്ങൾ തേടുന്നതിനിടയിൽ സാമ്പത്തിക സഹായത്തിനായി തൊഴിൽ സുരക്ഷാ ഫണ്ടിലേക്ക് റഫർ ചെയ്തു.
അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ വേളയിൽ ജി.എഫ്.ഒ.ഡബ്ല്യു അതിന്റെ പുതിയ ഡിജിറ്റൽ ട്രേഡ് യൂനിയൻ ഡാറ്റ മാനേജ്മെന്റ് സിസ്റ്റവും ഔദ്യോഗികമായി പുറത്തിറക്കി. ആന്തരിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, രാജ്യവ്യാപകമായ തൊഴിൽ ഡാറ്റ ഏകീകരണം മെച്ചപ്പെടുത്തുക, ആശയവിനിമയം മെച്ചപ്പെടുത്തുക, ഒമാനിലുടനീളമുള്ള ട്രേഡ് യൂണിയനുകളുടെ ഭരണത്തിൽ കൂടുതൽ സുതാര്യത വളർത്തുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.