മസ്കത്ത്: ഐ.സി.സി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് (സി.ഡബ്ല്യു.സി) ലീഗ് രണ്ടിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ രണ്ടാം വിജയവുമായി ഒമാൻ. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയിൽ നമീബിയയെ രണ്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നമീബിയ 33.1 ഓവറില്‍ 96 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഒമാൻ 22.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
ഒമാന്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ പോയത് പ്രതിസന്ധിയിലാക്കി. 33 പന്തില്‍ 21 റണ്‍സെടുത്ത ആമിര്‍ കലീം, 18 റണ്‍സെടുത്ത വിനായക് ശുക്ല, 14 റണ്‍സെടുത്ത ജതീന്ദര്‍ സിങ് എന്നിവരുടെ മികവിലാണ് സുൽത്താനേറ് വിജയം തിരിച്ച് പിടിച്ചത്.
54 പന്തില്‍ 30 റണ്‍സെടുത്ത നികോള്‍ ലോഫ്റ്റീ ഈറ്റണും 15 റണ്‍സ് നേടിയ ഗാര്ഹാര്ഡ് ഇറാസ്മസും 14 റണ്‍സെടുത്ത റൂബന്‍ ട്രമ്പല്മനുമാണ് നമീബിയന്‍ സ്കോര്‍ 96ല്‍ എത്തിച്ചത്. ഒമാന്‍ വേണ്ടി ശകീല്‍ അഹമദ് ഒമ്പത് ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ആമിര്‍ കലീമും ജയ് ഒദേദ്രയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നമീബിയക്ക് വേണ്ടി 7.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഗാര്ഹാര്ഡ് ഇറാസ്മസ് മികച്ച പ്രകടനം പുറത്തെടുത്തു. ബെര്‍നാണ്ട് സ്കോള്‍ട്ട്സ് രണ്ട് വിക്കറ്റും എടുത്തു.
സി.ഡബ്ല്യു.സി ലീഗ് രണ്ടില്‍ ഇതുവരെ നടന്ന 15 മത്സരങ്ങളില്‍ നിന്നായി 18 പോയിന്റ് സ്വന്തമാക്കി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഒമാന്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 20 പോയിന്റ് നേടിയ യു.എസ്.എയാണ് ഒന്നാമത്. നാളെ യു.എസ്.എക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.