‘‘ക്രിസ്മസ് ഒരു ആഘോഷമല്ല ഒരു വാഗ്ദാനം കൂടിയാണ്. ദൈവം ഒരിക്കലും മനുഷ്യനെ കൈവിടുകയില്ല എന്ന വാഗ്ദാനം. അതുകൊണ്ടുതന്നെ നമ്മൾ വിശ്വസിക്കുന്ന ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. നമ്മുടെ ക്രിസ്മമസ് ആഘോഷം ലളിതമായ വിശ്വാസത്തിലേക്ക് നിർമലമായ സന്തോഷത്തിലേക്ക് നമ്മെ അടുപ്പിക്കട്ടെ...’’
ക്രിസ്മസ് എന്ന വാക്ക് കേൾക്കുമ്പോൾതന്നെ മനസ്സിൽ ആദ്യം നിറയുന്നത് ചെറുപ്പകാലത്തെ ഓർമകളാണ്. ഇന്നത്തെ തിരക്കുകളും ആശങ്കകളും ഉത്തരവാദിത്വങ്ങളും ഇല്ലാത്ത ആ കാലം. ആഘോഷങ്ങൾ വളരെ ലളിതമാക്കി പരസ്പരം പങ്കുവെച്ചും സന്തോഷം പങ്കിട്ടും ഭക്ഷണം വിളമ്പിയും ആഘോഷിച്ച ദിവസം. തണുത്തുറഞ്ഞ ക്രിസ്മസ് നാളിന്റെ കാറ്റുകൾ വീശുമ്പോൾ നാട്ടിലും ദേവാലയത്തിലും വീട്ടിലും ഒരു ആവേശം നിറഞ്ഞിരുന്നു.
നാടൻ വീടും ദേവാലയവും എല്ലാം നന്നായി അലങ്കരിച്ച് മനോഹരങ്ങളായ പുൽക്കൂടുകൾ നിർമിച്ച സ്നേഹത്തിന്റെ ഉത്സവം കുടുംബത്തിന്റെ ഐക്യം നാട് ഒന്നാകെ വീടൊന്നാകെ പങ്കിടുന്ന ആ ദിവസം. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നുള്ള ഈ ബൈബിൾ വചനം ക്രിസ്മസിന് അർഥം പൂർണമായും മനസ്സിലാക്കാൻ നമ്മെ ഏവരെയും സഹായിക്കുന്നു. അതെ ഈ തിരുവചനം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്മസ് ഒരു ആഘോഷമല്ല ഒരു വാഗ്ദാനം ആണെന്ന് കൂടിയാണ്. ദൈവം ഒരിക്കലും മനുഷ്യനെ കൈവിടുകയില്ല എന്ന ഒരു വാഗ്ദാനം. ആയതുകൊണ്ടുതന്നെ നമ്മൾ വിശ്വസിക്കുന്ന ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. നമ്മുടെ ക്രിസ്മസ് ആഘോഷം ലളിതമായ വിശ്വാസത്തിലേക്ക് നിർമലമായ സന്തോഷത്തിലേക്ക് നമ്മെ അടുപ്പിക്കട്ടെ. ബാല്യകാലത്തിലെ അനുഭവങ്ങൾ ഓർമിക്കാൻ ആകട്ടെ. നമ്മുടെ ഏവരുടെയും കുടുംബങ്ങളിൽ സമാധാനം പിറക്കട്ടെ. മുറിവേറ്റ ബന്ധങ്ങൾ സുഖപ്പെടട്ടെ.
ഒറ്റപ്പെട്ടവർ സ്നേഹത്തിന്റെ ചൂട് അനുഭവിക്കട്ടെ. ജീവിതം തിരക്കുകൾ നിറഞ്ഞിരിക്കുമ്പോഴും ലാളിത്യം നമ്മളെ ഭരിക്കട്ടെ. ഈ ക്രിസ്മസ് നമ്മളോട് പറയുന്നത് ക്ഷമിക്കൂ, കാരണം ക്രിസ്തു നമ്മോട് ക്ഷമിച്ചു. പരസ്പരം സ്നേഹിക്കൂ കാരണം ദൈവം സ്നേഹമാണ്. പരസ്പരം പങ്കുവെക്കൂ കാരണം ക്രിസ്മസ് പങ്കുെവക്കലിന്റെ ഉത്സവമാണ്. എല്ലാവർക്കും സമാധാനപൂർണവും അനുഗൃഹീതമായ ക്രിസ്മസ്- പുതുവത്സര ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.