മസ്കത്ത്: റോയൽ എയർഫോഴ്സിന് ആദ്യ യൂറോഫൈറ്റർ ടൈഫൂൺ പോർവിമാനവും ഹ്വാക് അഡ്വാൻസ്ഡ് ജെറ്റ് പരിശീലന വിമാനവും ബ്രിട്ടീഷ് പ്രതിരോധ ഉൽപന്ന നിർമാണ കമ്പനിയായ ബി.എ.ഇ സിസ്റ്റംസ് കൈമാറി. സേനയുടെ ആധുനികവത്കരണത്തിെൻറ ഭാഗമായി 12 യൂറോഫൈറ്റർ ടൈഫൂൺ പോർവിമാനവും എട്ട് ഹ്വാക് അഡ്വാൻസ്ഡ് ജെറ്റ് പരിശീലന വിമാനവും വാങ്ങുന്നതിനുള്ള തീരുമാനം 2012ലാണ് ഒമാൻ പ്രഖ്യാപിച്ചത്. കരാർ പ്രകാരമുള്ള ബാക്കി വിമാനങ്ങൾ വൈകാതെ കൈമാറുമെന്ന് ബി.എ.ഇ സിസ്റ്റംസ് അധികൃതർ പറഞ്ഞു.
ബ്രിട്ടനിലെ ലങ്കാഷെയർ വാർട്ടണിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദിയും റോയൽ എയർ എയർഫോഴ്സ് ഒാഫ് ഒമാൻ കമാൻഡർ എയർ വൈസ് മാർഷൽ മത്താർ ബിൻ അലി ബിൻ മത്താർ അൽ ഉബൈദാനിയടക്കം നൂറിലധികം പേർ സമർപ്പണ ചടങ്ങിൽ പെങ്കടുത്തു. ചടങ്ങിന് ശേഷം വിമാനങ്ങളുടെ ഒൗപചാരികമായ പറക്കലിനും അതിഥികൾ സാക്ഷിയായി.
ഒമാനുമായുള്ള ഏറെ നാളത്തെ സഹകരണത്തിൽ സുപ്രധാന നാഴികകല്ലാണ് വിമാനങ്ങളുടെ കൈമാറ്റമെന്ന് ബി.എ.ഇ സിസ്റ്റംസ് മിലിട്ടറി എയർ ആൻഡ് ഇൻഫർമേഷൻ മാനേജിങ് ഡയറക്ടർ ക്രിസ് ബ്രോഡ്മാൻ പറഞ്ഞു. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഏറ്റവും അത്യാധുനിക പോർവിമാനങ്ങളിലൊന്നായ യൂറോഫൈറ്റർ ടൈഫൂണും നൂതനമായ പരിശീലന വിമാനവുമാണ് ഒമാൻ എയർഫോഴ്സ് നിരയിലേക്ക് ചേർന്നിരിക്കുന്നതെന്നും ബ്രോഡ്മാൻ പറഞ്ഞു. അത്യാധുനിക ആയുധങ്ങൾ ഘടിപ്പിക്കാവുന്ന യൂറോഫൈറ്റർ വിവിധ സാഹചര്യങ്ങളിൽ മെയ്വഴക്കത്തോടെ പ്രവർത്തിക്കുന്ന വിമാനമെന്ന ഖ്യാതി ഇതിനകം നേടിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെയുള്ള ഹ്വാക് ജെറ്റ് മികച്ച യുദ്ധവിമാന പൈലറ്റുമാരെ വാർത്തെടുക്കാൻ പര്യാപ്തമാണെന്നും ബ്രോഡ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.