സുഹാർ റഫറൽ ആശുപത്രി
മസ്കത്ത്: ആതുരസേവന മേഖലക്ക് കരുത്തേകി ഒമാനിൽ മൂന്ന് ആശുപത്രികൾകൂടി വരുന്നു. ശർഖിയ ഗവർണറേറ്റിലെ അൽ ഫലാഹ് ആശുപത്രി, വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ നാമ ആശുപത്രി, ദാഖിലിയ ഗവർണറേറ്റിലെ സമയിൽ ആശുപത്രി എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ ബോർഡ് സെക്രട്ടേറിയറ്റ് ജനറൽ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പത്താമത്തെ പഞ്ചവത്സര വികസന പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയത്.
അൽ നാമ ആശുപത്രി മുദൈബി വിലായത്തലാണ് നിർമിക്കുന്നത്. ഏകദേശം 1.15 ലക്ഷം പേർക്ക് സേവനം നൽകാൻ ഈ ആശുപത്രിക്കു കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. സമയിൽ ആശുപത്രിയിലൂടെ 38,000 പേർക്ക് ഗുണം ലഭിക്കും. അൽ ഫലാഹ് ആശുപത്രി, ജഅലൻ ബാനി ബു ഹസ്സൻ, അൽ കാമിൽ വാൽ വാഫി, ജഅലാൻ ബാനി ബു അലി എന്നീ വിലായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.
സുൽത്താൻ ഖാബൂസ് ആശുപത്രി പദ്ധതി 40 ശതമാനവും സുവൈഖ് ആശുപത്രിയുടെ പ്രവൃത്തി 60 ശതമാനത്തോളവും പൂർത്തിയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി നേരത്തേ അറിയിച്ചിരുന്നു. ദോഫാർ ഗവർണറേറ്റിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഏഴു നിലകളിലായി 700 കിടക്കകളുടെ സൗകര്യം ഉണ്ടാകും. അത്യാധുനിക ഉപകരണങ്ങൾകൊണ്ട് സജ്ജീകരിക്കുന്ന ആശുപത്രി അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ അപകടം, അത്യാഹിതം, കീമോതെറപ്പി, ഡയാലിസിസ്, പൊള്ളൽ, ഡേ ക്ലിനിക്കുകൾ, പീഡിയാട്രിക്, തീവ്രപരിചരണം എന്നിവക്കുള്ള യൂനിറ്റുകളാണ് ഉൾപ്പെടുത്തുക. സമീപഭാവിയിൽ ചില പുതിയ ആശുപത്രി പദ്ധതികൾ നടപ്പാക്കും. എളുപ്പത്തിലുള്ള പ്രവേശനം സുഗമമാക്കുന്നതിലൂടെയും ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും നിലവാരം ഉയർത്തുന്നതിലൂടെയും ആരോഗ്യസ്ഥാപനങ്ങളും പൗരന്മാരും തമ്മിലുള്ള വിശ്വാസം മെച്ചപ്പെടുത്തുന്ന ഘട്ടത്തിലാണ് ഞങ്ങളെന്ന് മന്ത്രി പറഞ്ഞിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും മഹാമാരിയിൽനിന്ന് കരകയറാനുള്ള സുൽത്താനേറ്റിന്റെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അടുത്തിടെ പ്രശംസിച്ചിരുന്നു.
മസ്കത്ത്: സുഹാർ റഫറൽ ആശുപത്രി വിപുലീകരണ പദ്ധതിക്ക് ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച തുടക്കംകുറിച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദിയുടെ കാർമികത്വത്തിലായിരുന്നു വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ.
28 ദശലക്ഷം റിയാൽ ചെലവിൽ 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. നിലവിൽ 270 ആശുപത്രി കിടക്കകളാണുള്ളത്. ഇത് 636 ആയി ഉയർത്തും. 68 കിടക്കകൾ ഉൾപ്പെടുന്ന അത്യാഹിത വിഭാഗം, മുതിർന്നവർക്കായി 17 കിടക്കകളുള്ള സംയോജിത തീവ്രപരിചരണ വിഭാഗം, കുട്ടികൾക്ക് 16 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം എന്നിവയാണ് വിപുലീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുന്നത്. വൃക്ക തകരാറിലായ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നേരിടാൻ ഡയാലിസിസ് യൂനിറ്റിന് 25 കിടക്കകൾ, ഹീമോഡയാലിസിസ് മെഷീനുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റ് കാർഡിയാക് കത്തീറ്ററൈസേഷൻ ഓപറേഷനുകൾക്കായി 22 കിടക്കകളുള്ള പ്രത്യേക വാർഡ്, ഹൃദ്രോഗികൾക്കായി 12 കിടക്കകളും രണ്ട് ഐസൊലേഷൻ മുറികളും അടങ്ങുന്ന പ്രത്യേക യൂനിറ്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ 33 കിടക്കകൾ, ഡേകെയർ യൂനിറ്റിൽ 20 കിടക്കകൾ എന്നിവയും വിപുലീകരണത്തിന്റെ ഭാഗമായി ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.