മസ്കത്ത്: ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലികാറ്റ് നാശനഷ്ടങ്ങളൊന്നും വിതക്കാതെ ഒഴിഞ്ഞ്പോകുന്നതിന്റെ ആശ്വാസത്തിലാണ് ദോഫാർ, അൽവുസ്ത ഗവർണറേറ്റിലെ ജനങ്ങൾ. ഇരു ഗവർണറേറ്റിലെയും വിവിധ വിലായത്തുകളിൽ കനത്ത മഴയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലഭിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ ഘട്ടങ്ങളിലൂടെ കാറ്റഗറി നാലിൽ എത്തിയ തേജ് ഒമാൻ തിരത്തേക്ക് എത്തിയപ്പോഴേക്കും ശക്തിക്ഷയിച്ച് ഒന്നിലേക്ക് മാറിയിരുന്നു.ചൊവ്വാഴ്ച രാവിലെയോടെയാണ് കാറ്റ് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ കരതൊട്ടത്. നിലവിൽ തേജ് ശക്തി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.
കഴിഞ്ഞ ദിവസങ്ങളിൽ സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, ധാൽക്യൂത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയൊടെയ ശക്തയാർജിക്കുകയായിരുന്നു. പലയിടത്തും വെള്ളകെട്ടുകളും രൂപപ്പെട്ടു. ഉൾപ്രദശേങ്ങളിലെ റോഡുകളിൽ വെള്ളം കയറി ചെറിയതോതിൽ ഗതഗത തടസ്സവും നേരിട്ടു. അഷ്ദാൻ, ദഹ്നൗത്ത്, ഹദ്ബരാം, റഖ്യുത്, ഹാസിക് തുടങ്ങി വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതേസമയം, വരും മണിക്കൂറുകളിലും ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
തേജ് ചുഴലകാറ്റിനെ തുടർന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദേഫാർ ഗവർണറേറ്റിലെ റഖ്യൂത്ത് വിലായത്തിൽ. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെവരെ 232 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ദാൽകൂത്ത് 203, സലാല 56, സദാ19, മിർബാത്ത്-16, ഷാലീം, അൽ ഹലാനിയത്ത് ദ്വീപുകൾ- 11, താഖാ-നാല്, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ, ദോഫാർ ഗവർണറേറ്റിലെ അൽ മസിയോന എന്നിവിടങ്ങളിൽ ഒരു മില്ലിമീറ്റർ മഴയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.