1. ഇരുരാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിൽ ഒമാനും തുർക്കിയയും വിവിധ കരാറുകളിൽ ഒപ്പുവെക്കുന്നു 2. സുൽത്താൻ ഹൈതം ബിൻ താരിഖും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയും രണ്ട് ദിവസത്തെ തുർക്കിയ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഒമാനും തുർക്കിയയും തമ്മിൽ പത്ത് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാറുകളിലെത്തിയത്.
സംയുക്ത നിക്ഷേപവും ആരോഗ്യവും സംബന്ധിച്ച രണ്ട് കരാറുകളിലും രാഷ്ട്രീയ ആലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യം, മൃഗം, ജലസമ്പത്ത്, തൊഴിൽ, സംരംഭകത്വം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള എട്ട് ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്.
റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ക്രിയാത്മകമായ ചർച്ചകളിലും കൂടിയാലോചനകളിലും സുൽത്താൻ ഹൈതം ബിൻ താരിഖ് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഫലപ്രദമായ സഹകരണത്തിനുള്ള സുപ്രധാന മാതൃകയാണ് ഞങ്ങളുടെ ബന്ധങ്ങൾ. സുൽത്താനേറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പിന്തുണക്കുന്നതിൽ തുർക്കിയ കമ്പനികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. തുർക്കിയിലെ ഒമാനി നിക്ഷേപങ്ങൾ തുർക്കി സമ്പദ്വ്യവസ്ഥയുടെ ശക്തിയിലും ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ഒന്നിപ്പിക്കുന്ന സൃഷ്ടിപരമായ ബന്ധത്തിലുള്ള ഉറച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുതാണെന്ന് സുൽത്താൻ പറഞ്ഞു.
സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഇരു രാജ്യങ്ങളും ഉറച്ച പ്രതിബദ്ധതയാണ് പങ്കിടുന്നത്. പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ വിലമതിക്കുന്നു. മേഖലയെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ തുർക്കിയയുടെ നിലപാടുകളോട് മഹത്തായ വിലമതിപ്പാണുള്ളത്.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കൈവരിക്കുന്നതിനുള്ള തുർക്കിയയുടെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സുൽത്താൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഒമാൻ സന്ദർശിക്കാൻ തുർക്കിയ പ്രസിഡന്റിനെ സുൽത്താൻ ക്ഷണിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും ഒന്നിലധികം മേഖലകളിൽ തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ പിന്നീട് ഇരുനേതാക്കളും വ്യക്തമാക്കി.
പൊതുതാൽപര്യമുള്ള വിവിധ മേഖലകളിലെ സഹകരണത്തെ പിന്തുണക്കാനും വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിച്ച് സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ അടിവരയിട്ട് പറഞ്ഞു.
പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി.
വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്മാന് അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, തുര്‍ക്കിയിലെ ഒമാന്‍ സ്ഥാനപതി സൈഫ് ബിന്‍ റാശിദ് അല്‍ ജൗഹരി എന്നിവർ സുൽത്താനെ അനുഗമിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.