മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്
നൽകിയ സ്വീകരണം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം. സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോയൽ വിമാനം ഇറങ്ങിയപ്പോൾ സുൽത്താനെ സ്വീകരിക്കാനായി സ്വാഗതസംഘത്തിന്റെ മുൻനിരയിൽ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ ഉണ്ടായിരുന്നു.
തെഹ്റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യൽ മന്ദിരത്തിൽ സുൽത്താന്റെ വാഹനവ്യൂഹം എത്തിയപ്പോൾ, ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി വരവേറ്റു. സുൽത്താനും പ്രതിനിധി സംഘത്തിനും പ്രസിഡന്റ് ആശംസകളും നേർന്നു. ഇറാൻ പ്രസിഡന്റിനൊപ്പം സുൽത്താൻ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്തു. ഇതിനുശേഷം, ഇരുനേതാക്കളും സ്വീകരണ മന്ദിരത്തിലേക്കു പോയി. അവിടെ സുൽത്താൻ സ്വാഗത സംഘത്തിലെ മുതിർന്ന അംഗങ്ങളെ ഹസ്തദാനം ചെയ്തു. ഡോ. ഇബ്രാഹിം റഈസി, സുൽത്താനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും ഹസ്തദാനം നൽകി.
സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. പരസ്പര താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും ഈ ചർച്ചകളിലൂടെ ഉദ്ദേശിക്കുന്നു. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ വ്യത്യസ്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ സഹകരണത്തിനും കൂടിയാലോചനകൾക്കുമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു. ഇറാൻ സന്ദർശനത്തോടനുബന്ധിച്ച് അഷർഖ് അൽ-അൗസത്ത് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ഉറച്ച തത്ത്വങ്ങളിൽ അധിഷ്ഠിതമായ നല്ല അയൽപക്കത്തിന്റെ ചരിത്രപരമായ ബന്ധം ഒമാനും ഇറാനും വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഈ ചരിത്രപരമായ സന്ദർശനം മേഖലയുടെ സ്ഥിരതയിലും സുരക്ഷയിലും നല്ല രീതിയിൽ പ്രതിഫലിക്കുമെന്നും അതിന്റെ ഫലം പ്രാദേശികമായും ആഗോളതലത്തിലും പ്രയോജനകരമാകുമെന്നും സയ്യിദ് ബദർ പറഞ്ഞു. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി, ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫി, സുൽത്താന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റഈസി, അംബാസഡർ അറ്റ്ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായ്, ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം ബിൻ അഹമ്മദ് അൽ മുഐനി തുടങ്ങിയവർ സുൽത്താനെ അനുഗമിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.