മസ്കത്തിലെ ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ
പരിപാടിയായ ‘ലയം 2023’ സംവിധായകൻ കെ. മധു
ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രമായ ‘സി.ബി.ഐ ഡയറിക്കുറിപ്പിന്’ ആറാംഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ. മധു. മസ്കത്തിൽ ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയായ ‘ലയം 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ ഡയറിക്കുറിപ്പിന് ഇതിനോടകം അഞ്ചു ഭാഗങ്ങൾ വരുകയും റെക്കോഡ് പുസ്തകത്തിൽ ഇടം പിടിക്കുകയും ചെയ്ത ഒന്നാണ്. എന്നാൽ, ആറാം ഭാഗംകൂടി വരുന്നതോടെ അത് മറ്റൊരു റെക്കോഡ് ആകും.
സിനിമ ഔദ്യോഗികമായി ഉടൻതന്നെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. നേരത്തെ അൽ ഫലാജ് ഹാളിൽ നടന്ന വാർഷിക ആഘോഷ പരിപാടിയിൽ പിന്നണി ഗായകൻ വിധു പ്രതാപിന്റെ ബാൻഡ് അവതരിപ്പിച്ച ഗാനമേളയായിരുന്നു മുഖ്യ ആകർഷണം.
ചിഞ്ചു ശ്രീജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്ത ശിൽപം, അക്കാദമിക്ക് രംഗത്തു മികവ് തെളിയിച്ചവരെയും പരിപാടിയുടെ സ്പോൺസർമാരെ ആദരിക്കൽ എന്നിവ ചടങ്ങിൽ നടന്നു. പ്രസിഡന്റ് സുരാജ് രാജൻ, ഒമാൻ രക്ഷധികാരി രാജൻ ചെറുമനാശ്ശേരി, സെക്രട്ടറി ജോർജ് മാത്യു, ജോ. സെക്രട്ടറി ധന്യ ശശി, ട്രഷറർ അജു ശിവരാമൻ, പ്രോഗ്രാം കൺവീനർ വിജയ് മാധവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.