മസ്കത്ത്: വൃക്കകൾ തകരാറിലായി റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെട്ട കൊല്ലം സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റൂവി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മൃതദേഹം കയറ്റി അയക്കാനാകുമെന്നാണ് കരുതുന്നതെന്ന് കെ.എം.സി.സി പ്രവർത്തകൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ ചികിത്സക്കും നാട്ടിലേക്കുള്ള മടക്കയാത്രക്കും വേണ്ടി സുമനസ്സുകൾ കനിയുന്നതും കാത്ത് കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിൽ കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സക്കെത്തിയ ശേഷമാണ് അന്വേഷിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കുന്നത്. തുടർന്ന് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്താൽ ബന്ധുക്കളെ കണ്ടെത്താനും നിയമസഹായം ലഭ്യമാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.
ചികിത്സക്ക് പണം എങ്ങനെയെങ്കിലും കണ്ടെത്താൻ കഴിയുമെന്ന പ്രത്യാശയിലും ആവശ്യമായ ചികിത്സ ഉടനെ നൽകണം എന്ന നിർദേശം ആശുപത്രി അധികൃതർ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മഹേഷ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടക്ക് ചികിത്സയിൽ പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീണ്ടും രോഗം മൂർച്ഛിച്ചതോടെ നാട്ടലെത്തിക്കണമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താകുകയായിരുന്നു. ഒടുവിൽ ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
മഹേഷ് കുമാറിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞ ഒക്ടോബർ 29ന് മസ്കത്ത് ഇന്ത്യൻ എംബസി ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അടിയന്തര സർട്ടിഫിക്കറ്റ് ഈ ഏപ്രിൽ 28 വരെ കാലാവധിയുണ്ട്. ബന്ധുക്കളുടെ താൽപര്യം കണക്കിലെടുത്താണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടപോകുന്നതെന്ന് കെ.എം.സി.സി പ്രവർത്തകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.