മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ‘ശക്തി’ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയതായി ഒമാൻ കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒമാനി തീരത്തുനിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണ് ഇതുള്ളതെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട്. മണിക്കൂറിൽ 51 മുതൽ 61 കി.മീറ്റർ വരെയാണ് ഇതിന്റെ മധ്യഭാഗത്ത് കാറ്റിന്റെ വേഗം. ഇത് മധ്യ അറേബ്യൻ കടലിലേക്ക് നീങ്ങുന്നതായാണ് സൂചിപ്പിക്കുന്നതെന്ന് ജാഗ്രത മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദം തെക്കുപടിഞ്ഞാറോട്ട് നീങ്ങി ക്രമേണ ദുർബലമാകും.
ന്യൂനമർദം ഒമാന് നേരിട്ട് ഭീഷണി ഉയർത്തുന്നില്ലെങ്കിലും തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പരോക്ഷ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥനിരീക്ഷകർ പറയുന്നു. ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ട് മുതൽ നാല് മീറ്റർവരെ ഉയർന്നേക്കും.
വേലിയേറ്റസമയത്ത് താഴ്ന്ന പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിൽ കടൽ വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക കാലാവസ്ഥ ബുള്ളറ്റിനുകളും അപ്ഡേറ്റുകളും പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.