മസ്കത്ത്: ബുറൈമി ഇൻഡസ്ട്രിയൽ സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമാണം 98 ശതമാനത്തിലെത്തി. ഉടൻതന്നെ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.
ബുറൈമി ഇൻഡസ്ട്രിയൽ സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 2021 ജൂണിൽ പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് ‘മദ്യ്ൻ’ ആണ് നൽകിയതെന്ന് ബുറൈമി ഇൻഡസ്ട്രിയൽ സിറ്റി ഡയറക്ടർ ജനറൽ ബിൻ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. ആകെ 5.5 ദശലക്ഷത്തിലധികം റിയാൽ ചെലവിലാണ് നിർമാണത്തിനായി നൽകിയിരിക്കുന്നത്.
വ്യവസായിക നഗരത്തിന്റെ ഒന്നും രണ്ടും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നിടത്ത് 35 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല ശൃംഖലയുടെ നിർമാണം, പ്രതിദിനം 400 ക്യുബിക് മീറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കൽ, ആദ്യത്തെ പ്രദേശത്ത് ഏകദേശം രണ്ട് കിലോമീറ്റർ നീളമുള്ള നിരവധി റോഡുകൾ നിർമിക്കുക തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.ഒന്നും രണ്ടും പ്രദേശങ്ങളിൽ ആകെ എട്ട് കിലോമീറ്റർ നീളമുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ, മലിനജല ശുദ്ധീകരണ പ്ലാന്റിൽനിന്ന് ആദ്യത്തെ പ്രദേശത്തിലൂടെ കടന്നുപോകുകയും ഒടുവിൽ രണ്ടാമത്തെ പ്രദേശത്തെത്തുകയും ചെയ്യുന്ന ഏകദേശം ഏഴ് കിലോ മീറ്ററോളം വരുന്ന ജലസേചന ശൃംഖല എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
300,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് വികസന പദ്ധതികൾ നടക്കുന്നതെന്ന് അൽ ബലൂഷി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.