പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും; ധാരാണാപത്രത്തിൽ ഒപ്പുവെച്ചു
മസ്കത്ത്: പ്രതിരോധ നിർമാണ മേഖലയിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും. ഡ്രോണുകളുടെയും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളുടെയും വികസനത്തിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളിലെയും കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മസ്കത്തിൽ നടന്ന ഇന്ത്യ–ഒമാൻ പ്രതിരോധ വ്യവസായ സഹകരണ സെമിനാറിനിടെയാണ് കരാർ.ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാമത് ഇന്ത്യ–ഒമാൻ പ്രതിരോധ വ്യവസായ സഹകരണ സെമിനാറിൽ 125-ലേറെ പേർ പങ്കെടുത്തു. ഒമാൻ പ്രതിരോധ മന്ത്രാലയത്തിലെയും വാണിജ്യ, വ്യവസായ മേഖലയിലെയും ഉദ്യോഗസ്ഥരും ഇരുരാജ്യങ്ങളിലെയും പ്രതിരോധ കമ്പനികളുടെ പ്രതിനിധികളും പങ്കാളികളായി.
ഒമാന്‍റെ ഗവേഷണ, സൈനിക വ്യവസായ വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ സഈദ് സൈഫ് സൗദ് അൽ ശബീബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സെമിനാറിൽ പങ്കെടുത്തത്. ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ പ്രതിനിധി സംഘത്തിൽ 16 കമ്പനികളിൽ നിന്ന് 24 പേരുണ്ടായിരുന്നു.നാവിക സംവിധാനങ്ങൾ, സമുദ്ര സുരക്ഷ, റോബോട്ടിക്സ്, സെൻസറുകൾ, നൂതന ഇലക്ട്രോണിക്സ്, എ. ഐ, ആശയവിനിമയം, സൈബർ സുരക്ഷ, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ സെമിനാറിൽ ചർച്ച ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിൽ പ്രതിരോധ സഹകരണത്തിന് നിർണായക സ്ഥാനമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പറഞ്ഞു. നിലവിലുള്ള ഉഭയകക്ഷി സംവിധാനങ്ങളും സാമ്പത്തിക സഹകരണ ചട്ടക്കൂടുകളും പ്രയോജനപ്പെടുത്തി പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കണമെന്നും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ സംയുക്തമായി സാങ്കേതികവിദ്യ വികസിപ്പിക്കാനും ഉൽപാദനം നടത്താനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും സെമിനാർ വഴിയൊരുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.