ഒമാനിൽ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങൾക്ക് 1,000 റിയാൽ വരെ പിഴ
മസ്കത്ത്: തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങൾ നൽകുന്ന ആരോഗ്യ സേവനദാതാക്കൾക്കും ഓൺലൈൻ പ്രമോട്ടർമാർക്കും 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോഗ്യ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നവർ തെറ്റായ വിവരങ്ങളും അതിശയോക്തി കലർന്ന അവകാശവാദങ്ങളും ഒഴിവാക്കണം. ‘ഏറ്റവും മികച്ചത്’, ‘ഏറ്റവും സുരക്ഷിതം’, ‘അത്ഭുതകരം’, ‘100 ശതമാനം ഉറപ്പായ ഫലം’, ‘പാർശ്വഫലങ്ങളില്ല’, ‘ഉടനടി ഫലം’, ‘പൂർണമായ രോഗശമനം’ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇത്തരം അവകാശവാദങ്ങൾ നിയമലംഘനമാണോ എന്ന് സാഹചര്യവും പരസ്യത്തിന്റെ ഉള്ളടക്കവും പരിഗണിച്ചായിരിക്കും തീരുമാനിക്കുക.
മുൻകൂർ അനുമതി നിർബന്ധം
അനുമതി ആവശ്യമായ ആരോഗ്യ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരിൽനിന്ന് മുൻകൂർ അംഗീകാരം നേടണം. ലൈസൻസില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ പ്രചരിപ്പിക്കുന്നതും അനുവദനീയമല്ല.ആരോഗ്യ പരസ്യങ്ങൾ വ്യക്തവും കൃത്യവും സത്യസന്ധവുമായിരിക്കണം. ബാധകമായ ധാർമിക മാനദണ്ഡങ്ങൾ പാലിക്കുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കുകയും വേണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.