ഗൾഫ് ഐക്യത്തെ ബാധിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ ഒമാൻ
മസ്കത്ത്: ഗൾഫ് ഐക്യത്തെ ബാധിക്കുന്നതും അംഗരാജ്യങ്ങളെയും അവയുടെ ചിഹ്നങ്ങളെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യാൻ ഏകീകൃത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഒമാൻ.
ബഹ്റൈനിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ മാധ്യമ മന്ത്രിമാരുടെ 29-ാമത് യോഗത്തിലാണ് ഒമാന്റെ നിർദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ സംയുക്ത ശ്രമങ്ങൾ ശക്തമാക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതും അംഗരാജ്യങ്ങളെയും ഭരണനേതൃത്വങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതുമായ നടപടികൾ മന്ത്രിമാർ തള്ളിക്കളഞ്ഞു. വിവിധ മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും നടക്കുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്നും യോഗം വ്യക്തമാക്കി.
അംഗരാജ്യങ്ങൾക്കും അവയുടെ ഭരണനേതൃത്വങ്ങൾക്കും ജനങ്ങൾക്കുമിടയിലെ ഐക്യവും ഐക്യദാർഢ്യവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഗൾഫ് മേഖലയുടെ നേട്ടങ്ങൾ നിലനിർത്തുന്നതിനും പ്രധാനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.