300ലേറെ കലാകാരന്മാർ, വൈവിധ്യമാർന്ന സൃഷ്ടികൾ; മസ്കത്ത് ആർട്ടിന് തുടക്കം
മസ്കത്ത്: ഒമാനിൽ അഞ്ചാമത് മസ്കത്ത് ആർട്ട് പ്രദർശനത്തിന് തുടക്കമായി. മസ്കത്ത് ഗവർണറും സഹമന്ത്രിയുമായ സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് ബുധനാഴ്ച പ്രദർശനം ഉദ്ഘാടനം ചെയ്തു. ഒമാനിൽനിന്നും വിദേശത്തുനിന്നുമായി 300ലേറെ കലാകാരന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ഒക്ടോബർ 30 വരെ നീണ്ടുനിൽക്കും. 'ആർട്ട് എവരിവേർ' എന്ന പ്രമേയത്തിൽ സമകാലിക കലാസൃഷ്ടികൾക്കൊപ്പം ശിൽപശാലകൾ, കലാകാരന്മാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സയ്യിദ് ബിൽ അറബ് പ്രദർശനത്തിലെ കലാസൃഷ്ടികൾ സന്ദർശിക്കുകയും കലാകാരന്മാരുടെ സൃഷ്ടിപരമായ ആശയങ്ങളെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു. പ്രമുഖ ഒമാനി കലാകാരൻ അൻവർ സോന്യ, സിറിയൻ കലാകാരി നൂർ ബഹ്ജത്, എമിറാത്തി കലാകാരി ഫാത്തിമ ലൂത്ത, ഫലസ്തീൻ കലാകാരി ലിന അൽ അയൂബി, 'യെൽകാസ്റ്റ്' എന്നറിയപ്പെടുന്ന ഫിലിപ്പീൻ കലാകാരി ലോറൽ കാസ്റ്റിലോ, മുസ്തഫ സുലൈമാൻ എന്നിവരാണ് ഇത്തവണത്തെ ശ്രദ്ധേയ സാന്നിധ്യങ്ങൾ.
സാംസ്കാരിക വികസനത്തിൽ കലയ്ക്കുള്ള പങ്ക്, സർഗാത്മക വ്യവസായങ്ങളുടെ ഭാവി, കലയും വ്യക്തിത്വവും സംരംഭകത്വവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാണ് പ്രദർശനത്തിന്റെ ഭാഗമായി ചർച്ച ചെയ്യുന്നത്.
'റീഇമാജിനിങ് സ്പേസ്: ആർട്ടിസ്റ്റ്സ് റീഷേപ്പിങ് സ്പേസസ്, ഐഡിയാസ് ആൻഡ് ട്രഡീഷൻസ്' എന്ന പേരിലുള്ള സംവാദങ്ങളിൽ കലാകാരന്മാർ സാംസ്കാരിക പൈതൃകത്തെ പുതിയ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നതും വിവിധ സമൂഹങ്ങൾക്കിടയിൽ സംവാദം പ്രോത്സാഹിപ്പിക്കുന്നതും ചർച്ചയാകും.
ഗാലറികളിലും ചിത്രങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല, കലയെന്ന ആശയമാണ് 'ആർട്ട് എവരിവേർ' എന്ന പ്രമേയം മുന്നോട്ടുവെക്കുന്നത്. വാസ്തുവിദ്യ, പൈതൃകം, എന്നിവയിലേക്കും കലയുടെ സാധ്യതകൾ വ്യാപിപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.