മസ്കത്ത്: അടുത്ത മാസം 31 മുതൽ ഒമാനിൽ ശീതള പാനീയങ്ങളുടെ കുപ്പികളുടെ പുറത്ത് ടാക്സ് സ്റ്റാമ്പുകൾ അടിക്കണം. ഒമാൻ ടാക്സ് അതോറ്റിയുടെ ഉൽപന്നങ്ങളിൽ നികുതി സ്റ്റാമ്പുകൾ പതിക്കുക എന്ന പദ്ധതിയുടെ ഭാഗമാണിത്. സ്റ്റാമ്പുകളിൽ നികുതി സംബന്ധമായ വിവരങ്ങൾ അടങ്ങിയ അടയാളമോ ഡിജിറ്റൽ ഡാറ്റ കോഡോ ഉണ്ടായിരിക്കും. ഇത് നികുതി നൽകിയത് സംബന്ധമായ വിവരങ്ങൾ അധികൃതർക്ക് അറിയാൻ കഴിയും. രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണ ശൃംഖലകൾ വഴി വിപണിയിലെത്തുന്ന ശീതള പാനീയ ഉൽപന്നങ്ങൾ നികുതി അടച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനും ടാക്സ് സ്റ്റാമ്പകുൾ സഹായകമാവും.
2019 പകുതി മുതലാണ് ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്ക് നികുതി 50 ശതമാനം മുതൽ 100 ശതമാനം വരെ നികുതി ചുമത്തി സർക്കാർ ഉത്തരവിട്ടത്. സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റ്, എനർജി ഡ്രിങ് തുടങ്ങിയവ ആയിരുന്നു ആദ്യം പട്ടികയിലുണ്ടായിരുന്നത്. എന്നാൽ 2020മുതൽ പഞ്ചസാര, മധുര ഘടകങ്ങൾ അടങ്ങിയ പനീയങ്ങൾക്ക് കൂടി നികുതി നടപ്പാക്കുകയായിരുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, കുപ്പിയിൽ വരുന്ന ജ്യൂസുകൾ, മറ്റു ശീതളപാനീയങ്ങൾ എന്നിവക്കായിരുന്നു നികുതിയുടെ പരിധിയിൽ വന്നിരുന്നത്.
നിലവിൽ സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ എന്നിവക്കാണ് നികുതി സ്റ്റാമ്പ് നിലവിലുള്ളത്. പദ്ധതിയുടെ മുന്നാം ഘട്ടമായാണ് ശീതള പാനീയങ്ങളിൽ സ്റ്റാമ്പിങ് രീതി നടപ്പാക്കുന്നത്. അടുത്ത മാസം മുതൽ ഒമാനിൽ ആകമാനം വിപണനം ചെയ്യുന്ന കാർബണേറ്റ് പനീയങ്ങൾ, മധുര പാനീയങ്ങൾ, എനർജി പാനീയങ്ങൾ എന്നിവയിലാണ് നികുതി സ്റ്റാമ്പുകൾ നടപ്പാവുക. ഡ്യൂട്ടീ ഫ്രീ ഉൽപന്നങ്ങൾ ഒമാനിൽനിന്ന് കയറ്റി അയക്കുന്ന ഇത്തരം ഉൽപന്നങ്ങൾ എന്നിവക്ക് സ്റ്റാമ്പ് ബാധകമാവില്ല.
മറ്റു രാജ്യങ്ങളിൽനിന്ന് ഒമാൻ പ്രാദേശിക മാർക്കറ്റിലെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കും സ്റ്റാമ്പ് നിർബന്ധമാവും. അടുത്ത വർഷം ഏപ്രിൽ 30 ശേഷം ഒമാനിൽ ഇറക്കുമതി ചെയ്യുകയോ ഒമാനിൽ ഉൽപാദിപ്പിക്കുകയോ ചെയ്യുന്ന ഈ വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളിൽ നികുതി സ്റ്റാമ്പ് ഇല്ലെങ്കിൽ വിൽപന നിരോധിക്കും.
രണ്ട് തരത്തിലുള്ള സ്റ്റാമ്പിങ് രീതിയായിരിക്കും ഒമാനിൽ നടപ്പിലാവുക. ഉൽപാദന സമയത്ത് നേരിട്ടുള്ള സ്റ്റാമ്പിങ് രീതി. ഉൽപാദന സമയത്തുതന്നെ ഓരോ ഉൽപന്നത്തിലും നികുതി സീരിയൽ നമ്പറുകൾ പ്രിന്റ് ചെയ്യുന്ന രീതിയാണിത്.
ഒമാനിൽ ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഉൽപന്നങ്ങളിലും നിശ്ചിത സ്ഥലത്ത് സ്റ്റാമ്പുുകൾ ഒട്ടിക്കുന്ന രീതിയാണ് രണ്ടാമത്തേത്. 15 മില്ലീ മീറ്റർ നീളവും വീതിയുമുള്ള ലേബലുകളായിട്ടായിരിക്കും സ്റ്റാമ്പുകൾ ലഭിക്കുക. ഈ സ്റ്റാമ്പുകൾ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഈ വിഭാഗത്തിൽപ്പെട്ട എല്ലാ ഉൽപന്നങ്ങളിലും ഒട്ടിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.