നാടണഞ്ഞ തമിഴ്നാട് സ്വദേശികൾ

രാത്രി എല്ലാവരും ഉറക്കമായപ്പോൾ രണ്ടും കൽപ്പിച്ച് അവർ കടലിലേക്ക് ചാടി, നീന്തി കയറിയത് ഒമാൻ തീരത്ത്; ബഹ്റൈനിൽനിന്ന് സോമാലിയിലേക്ക് തട്ടിക്കൊണ്ടുപോയ തമിഴ്നാട്ടുകാർ രക്ഷപ്പെട്ടത് അതിസാഹസികമായി

സലാല: ബഹ്റൈനിൽനിന്ന് അനധികൃതമായി സോമാലിയയിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിനിടെ കടലിൽ ചാടി സാഹസികമായി നീന്തി സലാലാക്കടുത്ത് താഖ തീരമണിഞ്ഞ് തമിഴ്നാട് സ്വദേശികൾ. കടലൂർ സ്വദേശികളായ വേതാചലം നടരാജൻ (50), അജിത് കനകരാ (49), ഗോവിന്ദരസു രാജ(27) എന്നിവരാണ് മരണത്തിന്റെ ഓള​ങ്ങളെ വകഞ്ഞുമാറ്റി ആശ്വാസ തീരത്തെത്തിയത്.

ഏതാനും നാളുകൾക്ക് മുമ്പാണ് ജോലിക്കായി ബഹറൈൻ വിസയിൽ ഇവർ മനാമയിലെത്തിയത്. വിസക്കായി ഒന്നരലക്ഷം രൂപ വീതം ഏജന്റിന് നൽകുകയും ചെയ്തു. മത്സ്യബന്ധന ജോലിക്കായാണ് എത്തിയത്. എന്നാൽ, ജോലി ബഹ്റൈനിലല്ലെന്നും കടൽ മാർഗം മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നും ഇവരെ കൊണ്ട് വന്നവർ പറഞ്ഞു. ഏതായാലും ജോലിക്ക് വന്നതല്ലേ പോകാമെന്ന് കരുതി ഉരുവിൽ കയറി. രണ്ട് നാൾ യാത്ര കഴിഞ്ഞിട്ടും ജോലി സ്ഥലത്തെത്തിയില്ല. ഇതോടെ എന്തോ ഒരു ചതി പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു.

ഇതിനിടയിൽ ഉരുവിലെ മറ്റുള്ളവരുടെ സംസാരത്തിൽ നിന്നും സോമാലിയയിലേക്കാണ് കൊണ്ട് പോകുന്നതെന്ന് മനസ്സിലാക്കി. മൂന്നാം നാൾ രാത്രി കടലിന്റെ സ്വഭാവം മാറി. വലിയ തിരമാലകൾ ഉരുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി . കൂടുതൽ പ്രയാസമാകുമെന്ന് കണ്ട കപ്പിത്താൻ ഉരു കപ്പൽ ചാലിൽ നിന്ന് അടുത്ത് കണ്ട തീരത്തിനടുത്തായി നങ്കൂരമിട്ടു. തീരത്തെ വെളിച്ചം കണ്ട കടലൂർ സ്വദേശികൾ ഇത് തന്നെ രക്ഷപ്പെടാൻ അവസരമെന്ന് തീരുമാനിച്ചു. രാത്രി വൈകി എല്ലാവരും ഉറക്കമായപ്പോൾ രണ്ടും കൽപ്പിച്ച് കടലിലേക്ക് ചാടി. നീന്തി തീരത്തണഞ്ഞു. മീൻ പിടുത്തക്കാരായിരുന്ന ഇവർക്ക് കടലിൽ നിന്തി നല്ല പരിചയമുള്ളവരായിരുന്നു. സലാലക്കടുത്ത് താഖയിലാണ് ഇവർ നീന്തി തീരമണഞ്ഞത്.

നേരെ പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഇവരുടെ കഥ കേട്ട ആർ.ഒ.പി ഓപറേഷൻ ഹെഡ് കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനനെ വിവരമറിയിച്ചു. അദ്ദേഹം ഉടനെ സ്ഥലത്തെത്തി ഇവരെ കാണുകയായിരുന്നു രക്ഷപ്പെട്ട കഥ അപ്പോഴാണ് പുറം ലോകം അറിയുന്നത്. ഉടനെ അദ്ദേഹം തന്നെ നാട്ടിൽ ബന്ധപ്പെടുകയും ഇവർക്ക് ടിക്കറ്റിന് വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു.

വിസയുടെ കാര്യങ്ങൾ ആർ.ഒ.പി അധിക്യതർ പൂർത്തീകരിച്ച് നൽകി.നടപടികൾ പൂർത്തിയാക്കി സലാം എയറിൽ മസ്കത്ത് വഴി ചെന്നൈയിലേക്ക് തിരിച്ചു. ചാടുന്നതിന് മുമ്പ് പാസ്പോർട്ടെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ദേഹത്ത് കരുതിയതിനാൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായതായി ഡോ. കെ.സനാതനൻ പറഞ്ഞു.



Tags:    
News Summary - Tamil Nadu man's escape from kidnapping in Somalia was a huge adventure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.