മുസന്ന വിലായത്തിലെ സൂർ അൽ ഖമീസ് പൈതൃക കേന്ദ്രം
മസ്കത്ത്: തെക്കൻ ബാത്തിന മുസന്ന വിലായത്തിലെ സൂർ അൽ ഖമീസ് പൈതൃക കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.
ജനുവരി ആദ്യത്തിലാണ് കേന്ദ്രം തുറന്നത്. ഈ വർഷം ഏപ്രിൽ അവസാനം വരെ 19,866 സന്ദർശകരാണെത്തിയതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.
സാംസ്കാരിക പൈതൃകം സുസ്ഥിരമായി ഉപയോഗപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി സൂർ അൽ ഖമീസിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് പൈതൃക, ടൂറിസം മന്ത്രാലയം കോട്ടകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ വകുപ്പ് ഡയറക്ടർ ബദ്രിയ ബിൻത് മുബാറക് അൽ ബുസൈദി പറഞ്ഞു.
പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുക, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കുക, കരകൗശല തൊഴിലാളികൾക്കായി വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുക, പ്രാദേശിക ടൂറിസം മെച്ചപ്പെടുത്തുക, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗവർണറേറ്റുകളിലുടനീളമുള്ള വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഭാഗമായാണ് സൂർ അൽ ഖമീസിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയിട്ടുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.