മസ്കത്ത്: ഒമാന്റെ ആധുനിക ആകാശ സഞ്ചാര പദ്ധതിയായ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (എ.എ.എം) മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള കൺസൽട്ടൻസി പഠനം വൈകാതെ ആരംഭിച്ചേക്കും. ഇതുസംബന്ധിച്ച് വിവിധ കമ്പനികൾ സമർപ്പിച്ച പ്രപ്പോസലുകൾ ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയം പരിശോധിച്ചുവരികയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടൻസി സ്ഥാപനം എ.എ.എം പദ്ധതി രൂപകൽപന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ഗതാഗത മന്ത്രായലയത്തെയും ദേശീയ സ്റ്റിയറിങ് കമ്മിറ്റിയെയും പിന്തുണക്കും. ഏഴ് കമ്പനികളാണ് പ്രപ്പോസൽ സമർപ്പിച്ചിരുന്നത്.
വൈദ്യുത വിമാനങ്ങൾ ഉപയോഗിച്ച് നഗരങ്ങൾക്കകത്തും നഗരങ്ങൾക്കിടയിലും ആളുകളെയും ചരക്കുകളെയും വഹിക്കാനുള്ള പുതുതലമുറ ആകാശ സഞ്ചാര സംവിധാനങ്ങമാണ് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി. സ്വയം നിയന്ത്രിതമോ ദൂരനിയന്ത്രിതമോ ആയി ലംബമായി ടേക്ക് ഓഫും ലാൻഡിങ്ങും ചെയ്യാൻ കഴിയുന്ന വിമാനങ്ങൾ ഉപയോഗിച്ചാണ് ഈ സർവിസ് നടത്തുക. അർബൻ എയർ ടാക്സികൾ മുതൽ ദൂരപ്രദേശങ്ങളിലേക്കുള്ള മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനുവരെ ഇവയുടെ സാധ്യത ഉപയോഗപ്പെടുത്താനാവും. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി പദ്ധതിയിലൂടെ ഭാവിയിലെ വ്യോമഗതാഗത രംഗത്ത് ഒരു പ്രധാന കേന്ദ്രമാവാൻ ലക്ഷ്യമിട്ടാണ് ഒമാന്റെ പ്രവർത്തനങ്ങൾ.
2025 സെപ്റ്റംബറിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും (സി.എ.എ) ഗതാഗത മന്ത്രാലയവും യു.എസ് ആസ്ഥാനമായുള്ള ഒഡീസ് ഏവിയേഷൻ എന്ന കമ്പനിയുമായി ഇതുസംബന്ധിച്ച് ധാരണപത്രം ഒപ്പുവെച്ചിരുന്നു. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം ആരംഭിക്കാനായിരുന്നു തീരുമാനം. ഒഡീസ് ഏവിയേഷൻ വികസിപ്പിച്ചെടുത്ത ‘ലൈല’ എന്ന ഹൈബ്രിഡ്-ഇലക്ട്രിക് വി.ടി.ഒ.എൽ എയർക്രാഫ്റ്റാണ് പൈലറ്റ് പദ്ധതിയിൽ ഉപയോഗിക്കുക.
ദീർഘദൂരത്തിൽ പറക്കാനും കൂടുതൽ ഭാരം വഹിക്കാനും കഴിവുള്ള വാഹനമാണിത്. ഹൈബ്രിഡ് പ്രൊപ്പൽഷൻ യൂനിറ്റുകളുള്ള ലൈലക്ക് 725 കിലോമീറ്റർ വരെ പറക്കാൻ കഴിയുമെന്ന് ഒഡീസ് ഏവിയേഷൻ പറയുന്നു. ഒമാനിലെ ആദ്യത്തെ എ.എ.എം കമ്പനിയായ എയ്റോവെക്ടോ ഏവിയേഷൻ സർവിസസ് (ആവാസ്) ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഹൈബ്രിഡ്-ഇലക്ട്രിക് എയർക്രാഫ്റ്റ് ആവാസ് വികസിപ്പിക്കും. ഇതിനു പുറമെ, എണ്ണ, പ്രകൃതിവാതക പൈപ്പ് ലൈനുകളുടെ പരിശോധന, അടിയന്തര വൈദ്യസഹായ വിതരണം, സിവിൽ ഡിഫൻസ്, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, ചരക്ക് നീക്കം, വിദൂര സ്ഥലങ്ങളിലേക്കുള്ള വിതരണം എന്നിവക്ക് എ.എ.എം പദ്ധതി ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.
വ്യോമയാന മേഖലയെ ആധുനികവത്കരിക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നാഷനൽ ഏവിയേഷൻ സ്ട്രാറ്റജി 2040 പ്രകാരം ഒമാൻ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.