സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം അൽബറക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ
മസ്കത്ത്: സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം അൽബറക്ക കോട്ടാരത്തിൽ ചേർന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നീതി കൈവരിക്കുന്നതിലും ക്രമസമാധാന തത്ത്വങ്ങൾ ഏകീകരിക്കുന്നതിലും ജുഡീഷ്യറിയുടെ അടിസ്ഥാനപരമായ പങ്കിനെക്കുറിച്ച് സുൽത്താൻ ഊന്നിപ്പറഞ്ഞു.
കാലത്തിന്റെ ആവശ്യകതകൾക്കും പൗരന്മാരുടെ അഭിലാഷങ്ങൾക്കും ഒമാൻ വിഷൻ 2040 ന് അനുസൃതമായും നീതിന്യായ വ്യവസ്ഥ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യവഹാര നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി, വിധിനിർണയ സമയം കുറച്ച്, പരിഹരിക്കപ്പെടാത്ത കേസുകളുടെ കുമിഞ്ഞുകൂടൽ ഒഴിവാക്കി, വേഗത്തിലുള്ള നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സുൽത്താൻ എടുത്തുപറഞ്ഞു. വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും ജുഡീഷ്യൽ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ അടിവരയിട്ടു. സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ 2024-2040 തന്ത്രത്തെ സുൽത്താൻ പ്രശംസിച്ചു.
ജുഡീഷ്യറിയുടെ പ്രവർത്തനത്തിലെ 'ഗുണപരമായ മാറ്റത്തിൽ' സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ജുഡീഷ്യൽ സേവനങ്ങൾ നൽകുന്നതിലൂടെ പൗരന്മാരുടെയും താമസക്കാരുടെയും നിക്ഷേപകരുടെയും അഭിലാഷങ്ങൾ വിശാലമായി നിറവേറ്റാൻ ഈ മാറ്റം സഹായിച്ചതായി അദ്ദേഹം നിരീക്ഷിച്ചു.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗങ്ങൾ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ സത്യസന്ധത പുലർത്തുന്ന പ്രതിബദ്ധതയെ സുൽത്താൻ വിലമതിച്ചു. ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, സുപ്രീം ജുഡീഷ്യൽ കൗൺസിലിലെ ജീവനക്കാർ എന്നിവർ നിയമപരവും സാങ്കേതികവുമായ വികസനങ്ങൾക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രഫഷനൽ പരിശീലനം തീവ്രമാക്കാൻ അദ്ദേഹം നിർദേശിച്ചു.
‘നിക്ഷേപ-വ്യാപാര കോടതി’ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമമാക്കാൻ സുൽത്താൻ നിർദ്ദേശങ്ങൾ നൽകി. നിക്ഷേപം തീർപ്പാക്കാനും വാണിജ്യ തർക്കങ്ങൾ വേഗത്തിലും പ്രഫഷനലായും പരിഹരിക്കാനും കോടതിയെ ചുമതലപ്പെടുത്തും. വാണിജ്യ പ്രവർത്തനങ്ങളുടെ വളർച്ചയെ പിന്തുണക്കുകയും വ്യവഹാരികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ജുഡീഷ്യറി നൽകുന്നതിലൂടെ നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും മൂലധനം ആകർഷിക്കാനുമുള്ള സുൽത്താനേറ്റിന്റെ ദർശനത്തിൽനിന്നാണ് ഈ നടപടിയെന്ന് സുൽത്താൻ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.