മത്ര കോർണിഷിൽ 30 ലക്ഷം റിയാലിന്റെ തീരസംരക്ഷണ പദ്ധതി; തിരമാലകളിൽനിന്നും തീരശോഷണത്തിൽനിന്നും റോഡിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം
മസ്കത്ത്: മത്ര കോർണിഷിൽ 30 ലക്ഷം ഒമാനി റിയാൽ ചെലവിൽ തീരസംരക്ഷണ പദ്ധതി നടപ്പാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ശക്തമായ തിരമാലകളുടെയും തീരശോഷണത്തിന്റെയും ഫലമായി തീരസംരക്ഷണ സംവിധാനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാനും കോർണിഷ് റോഡിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ നാല്, അഞ്ച് മേഖലകളിലായി 268 മീറ്റർ ദൂരത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തീരത്തെ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ തിരമാലകളുടെ ആഘാതം കുറക്കാനും ഭാവിയിലുണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ തടയാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പാറകൾ ഉപയോഗിച്ചുള്ള തീരസംരക്ഷണ സംവിധാനങ്ങളുടെ നവീകരണം, കോൺക്രീറ്റ് തൂണുകളുടെ നിർമാണം, തിരമാലകളുടെ ശക്തി കുറക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കൽ, കേടുപാടുകൾ സംഭവിച്ച സംരക്ഷണ മതിലുകളുടെ അറ്റകുറ്റപ്പണി എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. റോഡുകളുടെയും നടപ്പാതകളുടെയും നവീകരണവും ഇതോടൊപ്പം നടത്തും.
മസ്കത്ത് മുനിസിപ്പാലിറ്റിയിലെ റോഡ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽ നബ്ഹാനി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 2027 ഏപ്രിലോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.തീരദേശ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം മത്ര കോർണിഷിന്റെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.