നിസ്‍വയിലെ സംയോജിത പൊതുഗതാഗത ടെർമിനൽ പദ്ധതിഅവസാന ഘട്ടത്തിൽ


ഒമാനിൽ നിസ്‍വ കോട്ട മാതൃകയിൽ അത്യാധുനിക ബസ് ടെർമിനൽ

നിസ്‍വ: ഒമാന്റെ സാംസ്കാരിക തലസ്ഥാനമായ നിസ്‍വ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിലെ നഗര-സേവന മേഖലകൾ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും പൊതുഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവരുന്ന ‘സംയോജിത പൊതുഗതാഗത ടെർമിനൽ’ പദ്ധതിയുടെ 20 ശതമാനം ജോലികളും പൂർത്തിയായി. 15 ദശലക്ഷത്തിലധികം ഒമാനി റിയാൽ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് ഈ രണ്ട് പദ്ധതികളും.

മേഖലയിലെ സാമ്പത്തിക, ടൂറിസം, നഗര വളർച്ചക്ക് അനുസൃതമായി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി വ്യക്തമാക്കി. പ്രാദേശിക കമ്പനികൾക്കും തദ്ദേശീയ ഉൽപന്നങ്ങൾക്കും മുൻഗണന നൽകിയാണ് നിർമ്മാണം പുരോഗമിക്കുന്നത്.

നിക്ഷേപവും വിനോദവും ഒത്തുചേരുന്ന ‘മൈദാൻ അൽ ദാഖിലിയ’ എന്ന ബൃഹദ് പദ്ധതി 2027 മാർച്ചോടെ പൂർത്തിയാകും. 8.37 ദശലക്ഷം റിയാൽ ചെലവിൽ 145,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഈ നിക്ഷേപ പദ്ധതി വിനോദസഞ്ചാരം, സാംസ്കാരികം, ആരോഗ്യം, പരിസ്ഥിതി എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

പദ്ധതിയിലെ അടിപ്പാതയുടെ നിർമ്മാണം 97.1 ശതമാനവും സർവീസ് ടണൽ നിർമ്മാണം 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി നാലു കിലോമീറ്റർ നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഇവിടെ ഒരുക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രത്യഷവും പരോക്ഷവുമായി 380 തൊഴിലവസരങ്ങളും സ്വദേശി കുടുംബങ്ങളുടെ ഉൽപന്നങ്ങൾക്കായി പ്രത്യേക വിപണിയും യാഥാർഥ്യമാകും.

സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തോടെ 70 ലക്ഷം റിയാൽ ചെലവിലാണ് സംയോജിത പൊതുഗതാഗത ടെർമിനൽ നിർമ്മിക്കുന്നത്. വിഖ്യാതമായ നിസ്‍വ കോട്ടയുടെ കവാടത്തിന്റെ മാതൃകയിലാണ് ഇതിന്റെ വാസ്തുവിദ്യ. ആറ് നിലകൾ വീതമുള്ള രണ്ട് വൃത്താകൃതിയിലുള്ള ബിസിനസ് സെന്ററുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ വാണിജ്യ മാളും ഇതിന്റെ ഭാഗമായി ഉയരും. നിലവിൽ കാർഗോ ഏരിയയുടെ നിർമ്മാണം 82 ശതമാനം പൂർത്തിയായിട്ടുണ്ട്.

പദ്ധതി പൂർത്തിയാകുന്നതോടെ ഒമാനിലെ ഔദ്യോഗിക ഗതാഗത കമ്പനിയായ മവാസലാത്ത് ആയിരിക്കും ഈ ആധുനിക സ്റ്റേഷന്റെ ഭരണച്ചുമതലയും ബസ് സർവീസുകളുടെ നിയന്ത്രണവും നിർവഹിക്കുക. ഇത് ഒമാന്റെ വിവിധ ഗവർണറേറ്റുകൾ തമ്മിലുള്ള ഗതാഗത ബന്ധം കൂടുതൽ എളുപ്പമാക്കും.

Tags:    
News Summary - Oman Nizwa Infrastructure and Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.