സുഹാർ: സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഏഴിന് സുഹാർ അൽ ഹംബാറിലെ ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടക്കും. പരിപാടിക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയണെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് ആറു മുതലാണ് പരിപാടി ആരംഭിക്കുക.
രണ്ട് ദശാബ്ദത്തിലേറെക്കാലമായി നടന്നുവന്നിരുന്ന മേള, കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി നിലച്ചിരിക്കുകയായിരുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ, വ്യത്യസ്തങ്ങളായ കേരളീയ തനിമയുള്ള വിഭവങ്ങളുടെ സമൃദ്ധിയോടെ ഫെസ്റ്റിവൽ വീണ്ടും അരങ്ങേറുകയാണ്. മധ്യതിരുവിതാംകൂർ, മലബാർ, തെക്കൻ കേരളം എന്നീ മേഖലകളുടെ തനതുരുചികളോടൊപ്പം അറബ് രുചി വൈവിധ്യങ്ങളും ഒരുമിക്കുന്ന ഭക്ഷ്യമേള, നാട്ടിൻപുറത്തിന്റെ നനവുള്ള ഓർമകൾ പങ്കിടാനുള്ള മികച്ച അവസരമാകും.
അതോടൊപ്പം റിഷാദ് ഗനി, ഐഡിയ സ്റ്റാർ സിങ്ങർ താരം അനന്തപദ്മനാഭൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്നും പ്രവാസലോകത്തെ മികച്ച കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഭക്ഷ്യമഹാമേളക്ക് നിറപ്പൊലിമയേകുമെന്ന് വികാരി ഫാ. സാജു പാടാച്ചിറ, ട്രസ്റ്റി ജോഫി വർഗീസ്, സെക്രട്ടറി അനിൽ തോമസ്, ഫുഡ് ഫെസ്റ്റിവൽ കൺവീനർമാരായ ജെബി ഫിലിപ്പ് ജേക്കബ്, തോമസ് ജോഷ്വാ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.