നാഷനൽ മ്യൂസിയത്തിലെ സ്റ്റാമ്പ്
പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ഒമാന്റെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന സ്റ്റാമ്പ് പ്രദർശനത്തിന് നാഷനൽ മ്യൂസിയത്തിൽ തുടക്കമായി. പൈതൃക, ടൂറിസം മന്ത്രാലയത്തിലെ പൈതൃക അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം ബിൻ സഈദ് അൽ ഖറൂസിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടി. നാഷനൽ മ്യൂസിയം, ഒമാൻ പോസ്റ്റുമായി സഹകരിച്ച് ‘സ്റ്റാമ്പ് മുതൽ എൻവലപ്പ് വരെ: പോസ്റ്റ്മാർക്ക് ഉപയോഗിച്ച് രാഷ്ട്രത്തെ വിവരിക്കുന്നു’എന്ന പേരിലാണ് പ്രദർശനം. ഒക്ടോബർ 16 വരെ തുടരും.
1960 കളിലെ ഒമാന്റെ ആദ്യ എണ്ണ കയറ്റുമതി രേഖപ്പെടുത്തുന്ന അപൂർവ സ്റ്റാമ്പുകൾ, അനുഗൃഹീത നവോത്ഥാനം, ആധുനിക നേട്ടങ്ങൾ, അൽ ബുസൈദ് രാജവംശത്തിന്റെ 280ാം വാർഷികം എന്നിവ ആഘോഷിക്കുന്ന പുതിയ സ്മരണിക ലക്കങ്ങൾ എന്നിവ പ്രദർശനത്തിൽ കാണാം. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒമാന്റെ പ്രവേശനം, അന്താരാഷ്ട്ര ബന്ധങ്ങൾ, അറബ് സാംസ്കാരിക തലസ്ഥാനമായി മസ്കത്തിനെ തെരഞ്ഞെടുത്തതുപോലുള്ള സാംസ്കാരിക നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന സ്റ്റാമ്പുകളും സന്ദർശകരെ ആകർഷിക്കുന്നതാണ്. 1975-1985 കാലഘട്ടത്തിലെ വിന്റേജ് ഡെപ്പോസിറ്റ് ബോക്സ്, ഒമാനി പൈതൃകം, കരകൗശല വസ്തുക്കൾ, നയതന്ത്രം എന്നിവ പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകൾ എന്നിവയുൾപ്പെടെയുള്ള തപാൽ പുരാവസ്തുക്കളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.