മസ്കത്ത്: കണവ മത്സ്യബന്ധന സീസൺ ആഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. അടുത്തവർഷം ജനുവരി 31 വരെയായിരിക്കും സീസൺ. മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണിന്റെ വിജയമുറപ്പാക്കാൻ തീരദേശ ഗവർണറേറ്റുകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.
മന്ത്രാലയത്തെ പ്രതിനിധാനംചെയ്യുന്ന ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിലാണ് ഒരുക്കം. സീസണിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കായി, നിരവധി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു. ഫിഷറീസ് കൺട്രോൾ ടീമുകൾ തീരദേശ ഗവർണറേറ്റുകളിൽ പ്രവർത്തനം ഊർജിതമാക്കി.
ഒമാൻ കടലിലെ കണവയുടെ സമൃദ്ധിയെക്കുറിച്ച് മനസ്സിലാക്കാനായി മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്ററും മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫിഷറീസ് റിസർച്ചിലെ അക്വാകൾചർ സെന്ററും നിരവധി പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും നടത്തിയിരുന്നു. വ്യത്യസ്ത പരിതസ്ഥിതികളിൽ വളരുന്ന കണവ പ്രാദേശികമായി 'അൽ ഗാട്രോ'എന്നാണ് അറിയപ്പെടുന്നത്. ചില ഇനം കണവകൾ പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, മണൽ, ചളി, പാറകൾ എന്നിവയുള്ള ചുറ്റുപാടുകളിലാണ് വസിക്കുന്നത്. കണവ സുപ്രധാന പ്രോട്ടീൻ സ്രോതസ്സാണ്.
ശത്രുക്കൾ അടുത്തെത്തുമ്പോൾ ശരീരത്തിൽനിന്ന് ഉൽപാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കാനുള്ള കഴിവ് ഇവക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.