മസ്കത്ത്: സൗരോർജ വൈദ്യുതി ഉൽപാദന രംഗത്ത് ശ്രദ്ധേയ കാൽവെപ്പുമായി സുൽത്താൻ ഖാബൂസ് സർവകലാശാല. കോളജ് ഒാഫ് എൻജിനീയറിങ്ങിൽ സൗരോർജ അധിഷ്ഠിതമായ കാർ പാർക്കിങ് കേന്ദ്രം സ്ഥാപിക്കാൻ സർവകലാശാല ജേക്കബ്സ് ഇൻറർനാഷനൽ എൻജിനീയറിങ് കൺസൾട്ടൻസിയുമായി ധാരണപത്രം ഒപ്പിട്ടു. സോളാർ പാനലുകൾ ഉപയോഗിച്ച് പാർക്കിങ്ങിൽ മേൽക്കൂര സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് പദ്ധതി. ഏകദേശം ഒരു വർഷമായി ആലോചയിലുള്ള പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. അടുത്തമാസം പദ്ധതിയുടെ നിർമാണമാരംഭിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രഫസർ അബ്ദുല്ല അൽ ബാദി പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ 45 പാർക്കിങ് കേന്ദ്രങ്ങളാകും ഉൾപ്പെടുത്തുക. 82 കിലോവാട്ട് വൈദ്യുതിയാകും ഇതിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുക. പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 82.6 ടണ്ണിെൻറ കുറവുണ്ടാകാൻ ഇത് സഹായകരമാകും. 47 പാർക്കിങ് കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ടത്തിൽ 90 കിലോവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കപ്പെടും. കാർബൺ ബഹിർഗമനത്തിൽ പ്രതിവർഷം 89.5 ടണ്ണിെൻറ കുറവാണ് ഇത് ഉണ്ടാക്കുക. ആദ്യഘട്ടത്തിൽ 324 സോളാർ പാനലുകളാകും ഉപയോഗിക്കുക. 1.08 ലക്ഷം റിയാൽ ഇതിന് ചെലവുവരുമെന്നാണ് കരുതപ്പെടുന്നത്. വിശാലമായ പാർക്കിങ് കേന്ദ്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് കോളജ് ഒാഫ് എൻജിനീയറിങ് പദ്ധതി യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. പ്രഫസർ അബ്ദുല്ല അൽ ബാദിയുടെ മേൽനോട്ടത്തിൽ ഡോ. മുഹമ്മദ് അൽ ബാദി, ഡോ. റാഷിദ് അൽ അബ്രി എന്നിവർ ചേർന്നാണ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയത്. തുടർന്ന് ജേക്കബ്സ് ഇൻറർനാഷനലിനെ സമീപിക്കുകയായിരുന്നു.
സുസ്ഥിര ഉൗർജ ഗവേഷണ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ബദൽ ഉൗർജ മാർഗങ്ങളെക്കുറിച്ച പഠനവും ഗവേഷണവും സർവകലാശാല ഏറെ നാളുകളായി തുടർന്നുവരുന്നുണ്ട്. സർവകലാശാല എൻജിനീയറിങ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ പരിസ്ഥിതി സൗഹൃദ ഭവന പദ്ധതിയും സൗരോർജ വൈദ്യുതി ഉൽപാദന പദ്ധതിക്ക് പ്രേരണയായി തീർന്നു. സുൽത്താനേറ്റിൽ സൗരോർജ വൈദ്യുതി ഉൽപാദനത്തിന് മികച്ച സാധ്യതകളാണ് ഉള്ളതെന്ന് പ്രഫസർ അൽ ബാദി പറഞ്ഞു. വേനൽ കത്തിനിൽക്കുന്ന ജൂലൈയിൽ ഒരു സ്ക്വയർ മീറ്ററിൽ മണിക്കൂറിൽ ഏതാണ്ട് 5500 മുതൽ ആറായിരം കിലോവാട്ടും ജനുവരിയിൽ 2500 മുതൽ 3000 കിലോവാട്ടും വരെ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. വർഷത്തിൽ 340 ദിവസവും സൂര്യപ്രകാശം ലഭിക്കുന്ന നാടെന്ന ഈ നിലക്ക് സൗരോർജത്തിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.
പുനരുപയോഗ േസ്രാതസ്സുകൾ ഉപയോഗിച്ച് ഉൗർജം ഉൽപാദിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്. തെക്കൻ ഒമാനിൽ നിർമാണം പുരോഗമിക്കുന്ന ഗ്ലാസ്പോയൻറിെൻറ മിറാഹ് സോളർ തെർമൽ പദ്ധതി വൈകാതെ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. ക്രൂഡോയിൽ ഉൽപാദനത്തിനാകും ഇവിടെ നിന്നുള്ള സൗരോർജം ഉപയോഗിക്കുക. മസീറയിലും ദോഫാറിലുമടക്കം കാറ്റാടി വൈദ്യുതി പദ്ധതികളും വരുംവർഷങ്ങളിൽ യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.