സുഹാർ: ഇന്ത്യൻ പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരുന്ന സോഹാർ മലയാളി സംഘം യുവജനോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും. ഇനിയുള്ള രണ്ടു ദിനങ്ങൾ സുഹാറിൽ ചിലങ്കയുടെ താളമുയരും. സോഹാർ മലയാളി സംഘം പത്താമത് യുവജനോത്സവമാണിത്. വെള്ളിയാഴ്ച രാവിലെ മജ്ലിസ് ശൂറ അംഗം ഖാലിദ് ബിൻ സുൽത്താൻ അൽ ജാബ്രി ഉദ്ഘാടനം നിർവഹിക്കും. സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാലയും മലയാളി സംഘം പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. രാവിലെ എട്ടു മുതൽ സുഹാർ പ്ലാസ സിനിമയിൽ പ്രത്യേകം സജ്ജമാക്കിയ നാല് തിയറ്ററുകളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ വിഭാഗങ്ങളിൽ വിവിധ കലാ സാഹിത്യ മത്സരങ്ങളിൽ ഒമാനിലെ വിവിധ മേഖലകളിൽനിന്ന് എത്തുന്ന മത്സരാർഥികൾ മാറ്റുരക്കും.
നാട്ടിൽനിന്ന് എത്തുന്ന പ്രമുഖ വിധികർത്താക്കൾ വിധിനിർണയം നടത്തുന്ന യുവജനോത്സവം ശനിയാഴ്ച വൈകീട്ട് സമാപിക്കും. സുഹാർ വാലി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സൈദിയുടെ സാന്നിധ്യത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ യുവജനോത്സവത്തിന് തിരശ്ശീല വീഴുമെന്ന് സോഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.