മസ്കത്ത്: രാജ്യത്തിന്റെ ഇ-കോമേഴ്സിന് ഗതിവേഗം പകർന്ന് സോഷ്യൽ മീഡിയ. 2025 ജൂലൈ പകുതിയോടെ 10,500 ലധികം ബിസിനസുകൾക്ക് ഓൺലൈനായി പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചിട്ടുണ്ട്. 2020-2025നും ഇടയിൽ ഇ-കോമേഴ്സ് ലൈസൻസുകളുടെ എണ്ണം 191 ശതമാനം എന്ന വാർഷികനിരക്കിൽ വളർന്നതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഇൻസ്റ്റഗ്രാം, ടിക് ടോക്, വാട്സ്ആപ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനമാണ് ഇതിന് പ്രധാന കാരണം. ഡിജിറ്റൽ ഇടപെടലിനോടുള്ള വർധിച്ചുവരുന്ന മുൻഗണനയാണ് ഈ ദ്രുതഗതിയിലുള്ള വികാസത്തിന് കാരണം.
ഇപ്പോൾ ഉൽപന്നങ്ങൾ വിപണനത്തിന് ചെറുകിട, ഇടത്തരം സംരംഭകർ സമൂഹമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച ഒമാന്റെ ആദ്യത്തെ ഇ-കോമേഴ്സ് നിയന്ത്രണ ചട്ടക്കൂടും ഇതിനെ കൂടുതൽ പിന്തുണക്കുന്നു. മന്ത്രിതല തീരുമാന നമ്പർ 499/2023 പ്രകാരമുള്ള ചട്ടങ്ങൾ ഓൺലൈൻ ബിസിനസുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇ-കോമേഴ്സ് വിഭാഗം മേധാവി ഹനാൻ ബിൻത് ഹാമിദ് അൽ ജബ്രിയ പറഞ്ഞു. വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.
ഈ മേഖല പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും വെല്ലുവിളികളുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പേമെന്റ് തട്ടിപ്പ്, വ്യാജ രസീതുകൾ, അവസാന നിമിഷ ഓർഡർ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ വിൽപനക്കാർ പലപ്പോഴും നേരിടുന്നു. വാങ്ങുന്നവർ, റിട്ടേൺ പോളിസികൾ, ഗുണനിലവാര ഉറപ്പ്, ഡേറ്റ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നു. ഓൺലൈൻ ഇടപാടുകളിൽ സുരക്ഷാ നടപടികളെക്കുറിച്ച് ബോധവാന്മാരകേണ്ടതുണ്ടെന്ന് മസൂൺ കോളജിലെ ഡിജിറ്റൽ സുരക്ഷാ വിദഗ്ധൻ ഡോ. നാസർ ബിൻ ഹമീദ് അൽ മുസാൽഹി പറഞ്ഞു. ബ്രൗസറുകളിൽ പേമെന്റ് വിശദാംശങ്ങൾ സൂക്ഷിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിസിനസ് വിജയത്തിന് സമൂഹമാധ്യമങ്ങളാണ് പ്രധാന കാരണമെന്ന് ഓൺലൈൻ സംരംഭകനായ മാലിക് ബിൻ ഇഷാഖ് അൽ ഖർണി പറഞ്ഞു. കുറഞ്ഞ ചെലവിൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്താനും ഉൽപന്നങ്ങൾ തൽക്ഷണം പ്രദർശിപ്പിക്കാനും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും വിശ്വസനീയമായ ബ്രാൻഡ് കെട്ടിപ്പടുക്കാനും ഇത് സഹായിച്ചു. ചില ഉപഭോക്താക്കൾ ഓൺലൈനിൽ കണ്ട തട്ടിപ്പുകൾ കാരണം മുൻകൂറായി പണമടക്കാൻ മടിക്കുന്നു. മറ്റുചിലർ ഓർഡറുകൾ നൽകിയ ശേഷം റദ്ദാക്കുന്നു. ഇത് ലോജിസ്റ്റിക്, സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ തടസ്സങ്ങൾക്കിടയിലും ഒമാന്റെ ഇ-കോമേഴ്സ് പരിസ്ഥിതിശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ഒരു നൂതന ഡിജിറ്റൽ വ്യാപാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ ഒരു പ്രാദേശിക കേന്ദ്രമാക്കി മാറ്റുക എന്നതാണ് ദേശീയ ഇ-കോമേഴ്സ് പദ്ധതി (2022-2027) ലക്ഷ്യമിടുന്നത്. ഓൺലൈൻ ഇടപാടുകളുടെ നിരീക്ഷണം മന്ത്രാലയം കർശനമാക്കുകയും സോഷ്യൽ പ്ലാറ്റ്ഫോമുകളിലുടനീളം സുരക്ഷിതമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.