സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭാര്യ സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ ഞായറാഴ്ച മുസന്ദം സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃപാടവത്തിന് കീഴിൽ അഭിമാനകരമായ ആറ് വർഷങ്ങൾ. ഞായറാഴ്ചയായിരുന്നു സുൽത്താന്റെ സ്ഥാനാരോഹണ വാർഷിക ദിനം. കഴിഞ്ഞ ആറുവർഷത്തിനിടെ ഇക്കാലയളവിൽ ഒമാൻ കരസ്ഥമാക്കിയ അംഗീകാരങ്ങളും നേട്ടങ്ങളും നിരവധി.
രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതമായ കരങ്ങളിലേൽപിച്ച സുൽത്താൻ ഖാബൂസിന്റെ ഒസ്യത്ത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമായിരുന്നു. അസാധാരണ ആഗോള, പ്രാദേശിക അനിശ്ചിതത്വങ്ങൾക്കിടയിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാന്റെ ഭരണമേറ്റെടുക്കുന്നത്. കോവിഡ് പകർച്ചവ്യാധി, അതുണ്ടാക്കിയ സാമ്പത്തിക വെല്ലുവിളി, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ എന്നിവ രാജ്യത്തിന്റെ അതിജീവന ശേഷിയെ നിർണയിക്കുന്ന കാലം. വെല്ലുവിളികളെ പരിവർത്തനത്തിനുള്ള പ്രേരണയാക്കി ഒമാൻ എല്ലാ പ്രതിസന്ധികളോടും പൊരുതിയ അതിജീവനത്തിന്റെ കാലമായിരുന്നു അത്.
സാമൂഹിക മൂല്യങ്ങൾ, യുവജന സംരക്ഷണം, വികസനത്തെക്കുറിച്ചുള്ള സമഗ്ര കാഴ്ചപ്പാട് എന്നിവയെല്ലാം ഭരണത്തിലും രാജ്യപുരോഗതിയിലും ശ്രദ്ധേയമായ മാറ്റങ്ങളാണുണ്ടാക്കിയത്. പൗരന്മാരെ വികസന നയങ്ങളുടെ ഗുണഭോക്താക്കളോ സ്വീകർത്താക്കളോ മാത്രമായല്ല ഭരണകൂടം സമീപിച്ചത്. ദേശീയ വികസനത്തിൽ പൗരന്മാരെ സജീവ പങ്കാളികളാക്കുന്ന സൗഹൃദസമീപനം ഈ ഭരണത്തിലുടനീളം പ്രതിഫലിച്ചു. ലോജിസ്റ്റിക്സ്, ടൂറിസം, ഉൽപാദനം, ഖനനം, പുനരുപയോഗ ഊർജം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സാമ്പത്തിക വൈവിധ്യവത്കരണം ത്വരിതഗതിയിലായ വികസനകാലം സുൽത്താൻ ഭരണത്തിന് കീഴിൽ തുടുരുകയാണ്.
മത്സരാധിഷ്ഠിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകിക്കൊണ്ട് അവയെല്ലാം ഭാവി തലമുറകൾക്കുള്ള നിക്ഷേപങ്ങളാക്കുന്ന നയം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭരണത്തിലെ പ്രത്യേകതയാണ്. സാമൂഹിക ഐക്യം സംരക്ഷിക്കുന്നതിനൊപ്പം പരിഷ്കാര നടപടികൾക്കും വേഗം കൈവരിച്ച ആറ് വർഷങ്ങളാണ് കടന്നുപോയത്. ദുർബല വിഭാഗങ്ങളെ സംരക്ഷിച്ച് സാമ്പത്തിക ഏകീകരണം, കാര്യക്ഷമത, സുതാര്യത, സേവന നിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഭരണപരിഷ്കാരങ്ങൾ. ഭരണത്തിലെ ഈ സന്തുലിത സമീപനം പരിവർത്തന കാലഘട്ടങ്ങളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തി.
പ്രാദേശിക ആഗോള അസ്ഥിരതകൾക്കിടയിൽ പോറലുകളൊന്നുമേൽക്കാതെ സ്ഥിരതയുള്ള രാജ്യമായി ഒമാൻ ലോകരാജ്യങ്ങൾക്കിടയിൽ നിലയുറപ്പിച്ചു. മാറിമറിയുന്ന പ്രാദേശിക വെല്ലുവിളികൾക്കിടയിലും നയതന്ത്രത്തിൽ മികവുപുലർത്തി സുൽത്താനേറ്റ് സമാധാനത്തിന്റെ സന്ദേശവാഹകരായി. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് നിർണായകമാണെന്ന കാഴ്ച്ചപ്പാടിനെ ശക്തിപ്പെടുന്ന ഇടപെടലുകളാണ് സുൽത്താൻ ഹൈതം നടത്തിയത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദേശീയ സ്വത്വം എന്നിവയിലെ ഊന്നൽ ദീർഘകാല അഭിവൃദ്ധിയിലേക്ക് നയിക്കപ്പെടുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. അതിന് ആത്മവിശ്വാസമുള്ള, മൂല്യങ്ങളാൽ നയിക്കപ്പെടുന്ന തലമുറ അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. ദേശീയ താൽപര്യങ്ങളെ മുൻനിർത്തിയുള്ള നയരൂപവത്കരണം, ദേശീയ മുൻഗണനകൾ എന്നിവയെല്ലാം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭരണത്തിലെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.