മസ്കത്ത്: ഒമാനി സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) തുടർച്ചയായി പ്രവർത്തിപ്പിക്കണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു.
ഈ പുതിയ നിയന്ത്രണം എല്ലാ വാണിജ്യ കപ്പലുകൾക്കും പരമ്പരാഗത കപ്പലുകൾക്കും ബാധകമാണെന്ന് മാരിടൈം സർക്കുലറിൽ പറയുന്നു. തുടർച്ചയായതും വിശ്വസനീയവുമായ കപ്പൽ ട്രാക്കിങ് ഉറപ്പാക്കുന്നതിലൂടെ സമുദ്ര സുരക്ഷ വർധിപ്പിക്കുക, കൂട്ടിയിടികളുടെ സാധ്യത കുറക്കുക, ഒമാന്റെ സമുദ്രാതിർത്തിയിലെ കപ്പൽ ചലനങ്ങളുടെ മൊത്തത്തിലുള്ള നിരീക്ഷണം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.
കപ്പലുകളുടെ തിരിച്ചറിയൽ, സ്ഥാനം, ഗതി,വേഗംഎന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്നതിന് കപ്പലുകളിൽ ഉപയോഗിക്കുന്ന നൂതന പ്രക്ഷേപണ സംവിധാനമാണ് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം.വി.എച്ച്.എഫ് മാരിടൈം മൊബൈൽ ബാൻഡിൽ പ്രവർത്തിക്കുന്ന എ.ഐ.എസ്, മറ്റു കപ്പലുകളുമായും തീര സ്റ്റേഷനുകളുമായും നിർണായക ഡേറ്റ കൈമാറാൻ കപ്പലുകളെ അനുവദിക്കുന്നു.
ഇത് സുരക്ഷിതമായ നാവിഗേഷൻ സുഗമമാക്കുന്നു. അന്താരാഷ്ട്ര യാത്രകളിൽ ഏർപ്പെട്ടിരിക്കുന്ന 300 ടണ്ണോ അതിൽ കൂടുതലോ ഭാരമുള്ള എല്ലാ കപ്പലുകളിലും എ.ഐ.എസ് നിർബന്ധമായും സ്ഥാപിക്കണമെന്നാണ് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ ചട്ടങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.